ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ന് മോദി പുടിൻ കൂടിക്കാഴ്ച

ബീജിങ്: ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന(എസ്സിഒ) ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും.
ഉച്ചകോടിക്കിടെ ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ഉഭയകക്ഷി ചർച്ച നടത്തി. “ഡ്രാഗണും ആനയും ഒരുമിച്ച് വാഴണമെങ്കിൽ അവർ സുഹൃത്തുക്കളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന പ്രതികരണത്തോടെയാണ് ഷി ജിൻപിങ് ചർച്ചയെ കുറിച്ച് പ്രതികരിച്ചത്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി ഇന്ന്(തിങ്കളാഴ്ച്ച) പ്ലീനറി സെഷനെ അഭിസംബോധന ചെയ്യും. എസ്സിഒയുടെ കീഴിൽ പ്രാദേശിക സഹകരണം വളർത്തുന്നതിനുള്ള ഇന്ത്യയുടെ സമീപനം പ്രധാനമന്ത്രി വ്യക്തമാക്കും. ഇതിനു ശേഷമാവും പുടിൻ കൂടിക്കാഴ്ച. തന്ത്രപരമായ ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവയിൽ ചർച്ച കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% പ്രതികാര ചുങ്കവും റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ 25% അധിക ചുങ്കവും ഉൾപ്പെടെ, യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിൽ എസ്സിഓയിലെ ചർച്ചകൾ നിർണ്ണായകമാണ്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനം പുടിൻ ഇന്ത്യയിൽ എത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യൻ സംഘം വെള്ളിയാഴ്ച യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായി ചർച്ച നടത്തിയിരുന്നു. റഷ്യയുമായുള്ള ചർച്ചയിൽ ഇന്ത്യയെ ഇടനിലക്കാരനായി കാണുന്നു എന്ന സൂചന നൽകിയത് ശ്രദ്ധേയമായി.
'ഞങ്ങളുടെ നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും നിരന്തരമായ ആക്രമിക്കപ്പെടുമ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ സാധ്യമല്ല. ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചകളിൽ ആവശ്യമായ ശ്രമങ്ങൾ നടത്താനും ഫോൺ സംഭാഷണത്തിൽ സെലെൻസ്‌കി പറഞ്ഞു.









0 comments