ഫോൺകോൾ വിവാദം: തായ് പ്രധാനമന്ത്രി ‌പയേതുങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി

Paetongtarn Shinawatra

പയേതുങ്താൻ ഷിനവത്ര

വെബ് ഡെസ്ക്

Published on Aug 29, 2025, 07:53 PM | 1 min read

ബാങ്കോക്ക്: കംബോഡിയയുടെ മുൻ നേതാവ് ഹുൻ സെന്നുമായുള്ള ഫോൺകോൾ വിവാദത്തെ തുടർന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ധാർമികത ലംഘിച്ചെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെ പയേതുങ്താനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഭരണഘടനാ കോടതിയിലെ 9 ജഡ്ജിമാരിൽ 6 പേർ പയേതുങ്താനെതിരെ വോട്ടു ചെയ്തു. കോടതി വിധി അംഗീകരിക്കുന്നതായി പയേതുങ്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചില്ലെന്നും രാജ്യത്തേക്കാൾ സ്വന്തം താൽപ്പര്യങ്ങൾക്കാണ് അവർ മുൻഗണന നൽകിയതെന്നുമാണ് ഭരണഘടനാ കോടതിയുടെ വിധിയിൽ പറയുന്നത്. എന്നാൽ തന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നേട്ടത്തിനുവേണ്ടിയായിരുന്നുവെന്ന് പയേതുങ്താൻ പറഞ്ഞു. വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല, മറിച്ച് സാധാരണക്കാരും സൈനികരും ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിതത്തിനുവേണ്ടിയായിരുന്നു തന്റെ പ്രവർത്തനമെന്നും പയേതുങ്താൻ അറിയിച്ചു.


വെള്ളിയാഴ്ചയാണ് തായ്ലൻഡ് ഭരണഘടനാ കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ 2008ന് ശേഷം തായ് ജഡ്ജിമാർ പുറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് പയേതുങ്താൻ. ഇതോടെ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തു.


മുൻ കംബോഡിയൻ നേതാവ് ഹുൻ സെന്നിനോടുള്ള സംഭാഷണത്തിനിടെ 'അങ്കിൾ' എന്ന് വിളിച്ചതാണ് നടപടികൾക്ക് ഇടയാക്കിയത്. ഹുൻ സെൻ തന്നെയാണ് സംഭാഷണം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടത്. കംബോഡിയയുമായുള്ള അതിർത്തിത്തർക്കം മോശമായി കൈകാര്യം ചെയ്തതിന്റെ പേരിൽ പയേതുങ്താനെതിരേ ജനരോഷം കനക്കവേയാണ് ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. തായ് സൈന്യത്തോട് തികഞ്ഞ അനാദരവും കംബോഡിയയോട് വലിയ ആഭിമുഖ്യവും കാണിക്കുന്നതാണ് പയേതുങ്താന്റെ പരാമർശങ്ങളെന്നായിരുന്നു ആരോപണം.







deshabhimani section

Related News

View More
0 comments
Sort by

Home