സമാധാനശ്രമത്തിന്‌ തിരിച്ചടി; റഷ്യൻ വ്യോമതാവളങ്ങൾ ആക്രമിച്ച്‌ ഉക്രയ്‌ൻ

RUSSIAN AIRBASE ATTACK
വെബ് ഡെസ്ക്

Published on Jun 02, 2025, 07:30 AM | 1 min read

കീവ്‌: തിങ്കളാഴ്ച ഇസ്താംബുളിൽ അടുത്തഘട്ട സമാധാനചർച്ച നടക്കാനിരിക്കെ, റഷ്യയുടെ സൈനികകേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തി ഉക്രയ്‌ൻ. അതിർത്തിക്ക്‌ 4000 കിലോമീറ്റർ അകലെ ഇർകുട്‌സ്‌ മേഖലയിലെ ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം ഞായറാഴ്ച ആക്രമിച്ചു. ആദ്യമായാണ്‌ കിഴക്കൻ സൈബീരിയയിലേക്ക്‌ ഉക്രയ്‌ൻ ആക്രമണം നടത്തുന്നത്‌. വ്യോമതാവളങ്ങളിൽ നിർത്തിയിട്ടിരുന്ന 41 ബോംബർ വിമാനങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. നാശനഷ്ടങ്ങൾ അറിവായിട്ടില്ല. തങ്ങളുടെ മേഖലയിൽ ഭീകരാക്രമണം ഉണ്ടായതായി റഷ്യ പ്രതികരിച്ചു.


ഒന്നര വർഷം നീണ്ട ആസൂത്രണത്തിന്റെ ഫലപ്രാപ്തിയാണ്‌ ‘ഓപ്പറേഷൻ ചിലന്തിവല’ എന്ന്‌ ഉക്രയ്‌ൻ സൈന്യത്തെ ഉദ്ധരിച്ച്‌ അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ചെയ്തു. ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കിയുടെ നേരിട്ടുളള മേൽനോട്ടത്തിലായിരുന്നു ആക്രമണം. റ്യാസൻ, മുർമാൻസ്ക്‌ പ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. തുടർന്ന്‌ റഷ്യ ഉക്രയ്‌ൻ സൈനികകേന്ദ്രങ്ങളിലേക്കും ആക്രമണം നടത്തി. വടക്കൻ ഉക്രയ്‌നിലെ സുമിയിലെ ഒലെസ്സിവ്‌ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അറിയിച്ചു.


രണ്ടു പാലം സ്‌ഫോടനത്തിൽ തകർന്നു


ശനിയാഴ്‌ച രാത്രി റഷ്യയിൽ രണ്ടു പാലങ്ങൾ സ്‌ഫോടനത്തിൽ തകർന്നിരുന്നു. ഉക്രയ്‌ൻ അതിർത്തിയിലെ ബ്രയാൻസ്കിൽ മേൽപ്പാലം തകർന്ന്‌ റെയിൽപ്പാളത്തിൽ പതിച്ചു. ട്രെയിൻ പാളംതെറ്റി ലോക്കോപൈലറ്റടക്കം ഏഴുപേർ മരിച്ചു. 30 പേർക്ക്‌ പരിക്കേറ്റു. ക്ലിമോവോയിൽനിന്ന്‌ മോസ്കോയിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾക്കുശേഷം കർസ്ക്‌ മേഖലയിൽ ചരക്കുട്രെയിൻ കടന്നുപോകവെ മറ്റൊരു പാലവും തകർന്നു. ട്രെയിൻ റോഡിൽ പതിച്ച്‌ വലിയ സ്‌ഫോടനമുണ്ടായി. ഇരു സംഭവത്തിലും റഷ്യ അന്വേഷണം പ്രഖ്യാപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home