വെസ്റ്റ്‌ബാങ്കിൽ പലസ്തീൻകാരെ ആക്രമിക്കുന്നു
മടക്കം തകർന്നടിഞ്ഞ നാട്ടിലേക്ക്

ഗാസ സിറ്റി
ഇസ്രയേല്‍ നടത്തിയ വംശഹത്യക്കിടെ കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് പലസ്തീൻകാർ മടങ്ങിയെത്തുന്നത് തകര്‍ന്നടിഞ്ഞ ഗാസയിലേക്ക്. കെട്ടിടങ്ങളുടെ അവശിഷ്‌ടക്കൂന്പാരങ്ങൾക്കിടയിൽ ജീവിതത്തിന്റെ ശേഷിപ്പുകൾ തിരയുകയാണവർ.
കാണാതായ പ്രിയപ്പെട്ടവർക്കായി അന്വേഷണം നടത്തുകയാണ് പലരും. തെക്കൻ മേഖലയിലേക്ക് പലായനംചെയ്‌ത പതിനായിരങ്ങളാണ് ഇസ്രയേലിന്റെ വെടിനിർത്തലിനെ തുടർന്ന് വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തുന്നത്. ഇസ്രയേലി ഉപരോധത്തെ തുടർന്ന് കടുത്ത ഭക്ഷ്യക്ഷാമത്തിലായ പ്രദേശത്തേക്ക് യുഎൻ സഹായം എത്തിത്തുടങ്ങിയെങ്കിലും ഒന്നിനും തികയുന്നില്ല. ഗാസയിലെത്താൻ 6,000 സഹായട്രക്കുകൾ സജ്ജമാണെന്നും എല്ലാ അതിർത്തികളും തുറക്കണമെന്നും യുഎൻ അഭയാർഥി ഏജൻസി ആവശ്യപ്പെട്ടു.
അതേസമയം, ഗാസയിൽ തടവിലുള്ള ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച വിട്ടയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഗാസ മുനമ്പിന്റെ ഭരണനിർവഹണത്തിൽ ഏതെങ്കിലും വിദേശ രക്ഷാകർതൃത്വം അംഗീകരിക്കില്ലെന്ന് ഹമാസ്, പലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ തുടങ്ങിയ സംഘടനകൾ വ്യക്തമാക്കി. ഗാസയിലെ യുദ്ധക്കുറ്റങ്ങളെയും വംശഹത്യയെയും കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഗാസയിലെ അധികൃതർ ആവശ്യപ്പെട്ടു.
വെടിനിർത്തൽകരാർ പ്രകാരം ഇസ്രയേൽ മോചിപ്പിക്കുന്ന തടവുകാരുടെ പട്ടികയിൽനിന്ന് ജനപ്രിയനായ പലസ്തീൻ നേതാവ് - മർവാൻ ബർഗൂട്ടിയുടെ പേര് ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹമാസ് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്ന മറ്റ് പ്രമുഖ നേതാക്കളുടെ മോചനവും ഇസ്രയേൽ നിരസിച്ചു. ബർഗൂട്ടിയെ മോചിപ്പിക്കണമെന്ന് ഹമാസിന് നിർബന്ധമാണെന്നും മധ്യസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണെന്നും മുതിർന്ന പ്രതിനിധി മൂസ അബു മർസൂക് പറഞ്ഞു.
വെസ്റ്റ്‌ബാങ്കിൽ പലസ്തീൻകാരെ ആക്രമിക്കുന്നു
വടക്കൻ വെസ്റ്റ് ബാങ്കിലെ നബ്‌ലസിന് തെക്കുള്ള അഖ്‌റബ പട്ടണത്തിലെ ഡസൻ കണക്കിന് ഇസ്രയേലി കുടിയേറ്റക്കാർ പലസ്തീൻ കർഷകരെ ആക്രമിച്ചതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് പലസ്തീൻകാർക്ക് കൃഷിഭൂമി നഷ്ടമായി.
ശനിയാഴ്‌ച സാൽഫിറ്റ് ഗവർണറേറ്റിലെ അസ്-സാവിയയിലും ഇസ്രയേലി കുടിയേറ്റക്കാർ പലസ്തീൻ കർഷകരെ ആക്രമിച്ചു. ഹെബ്രോൺ പ്രദേശത്തെ ദുരയിൽ നടത്തിയ റെയ്ഡിനിടെ സൈനികർ ഒരാളെ വെടിവച്ചു.
ഗാസയ്ക്കെതിരായ ഇസ്രയേലി കടന്നാക്രമത്തിന്റെ മറവിൽ വെസ്റ്റ്‌ബാങ്കിൽ സൈനികരുടെ പിന്തുണയോടെ ജൂതകുടിയേറ്റക്കാരുടെ അക്രമം വ്യാപകമായിരുന്നു.










0 comments