സമാധാനത്തിന്‌ തയ്യാറെന്ന്‌ ഹമാസ്‌: ആക്രമണം തുടർന്ന്‌ ഇസ്രയേൽ

Gaza.jpg
വെബ് ഡെസ്ക്

Published on Oct 05, 2025, 03:56 AM | 1 min read

ജറുസലേം : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനപദ്ധതിക്ക് അനൂകലമായി ഹമാസ് പ്രതികരിച്ച ശേഷവും ഗാസയിൽ രൂക്ഷമായ ആക്രമണം തുടർന്ന്‌ ഇസ്രയേൽ. ശനിയാഴ്‌ച പുലർച്ചെ മുതൽ തുടർച്ചയായി നടത്തിയ ആക്രമണങ്ങളിൽ 20 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രസ്‌താവനയെ തുടർന്നുള്ള വീഡിയോ പ്രസംഗത്തിൽ ആക്രമണം ഉടൻ നിർത്താൻ ട്രംപ്‌ ഇസ്രയേലിനോട് ആഹ്വാനം ചെയ്‌തിരുന്നു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഗാസയുടെ ഭരണം പലസ്‌തീൻ ടെക്‌നോക്രാറ്റുകൾക്ക് കൈമാറാനും എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാനും ഹമാസ്‌ സമ്മതിച്ചതായാണ്‌ റിപ്പോർട്ട്‌. മധ്യസ്ഥർ വഴി സമാധാന ചർച്ചകൾക്ക്‌ സന്നദ്ധരാണെന്നും അവർ അറിയിച്ചു. അമേരിക്ക മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയി നിർദേശിക്കുന്ന നിരവധി വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്താൻ ഹമാസ് ആവശ്യപ്പെട്ടു. അതേസമയം, നിരായുധീകരണവും ഗാസയുടെ ഭരണത്തിൽനിന്നുള്ള പിന്മാറ്റവുമടക്കമുള്ള വിഷയങ്ങളിൽ ഹമാസ്‌ തീരുമാനം വ്യക്തമാക്കിയിട്ടില്ല. കരാറിന്റെ ഒന്നാംഘട്ടം നടപ്പാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ പ്രതിരോധസേന പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകൾ വരുംദിവസങ്ങളിൽ ഈജിപ്തിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ജസീറ റിപ്പോർട്ട്‌ചെയ്‌തു.

രണ്ടുവർഷമാകുന്ന വംശഹത്യയിൽ 67,074 പേർ കൊല്ലപ്പെടുകയും 169,430 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ്‌ ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്‌.




deshabhimani section

Related News

View More
0 comments
Sort by

Home