പാകിസ്ഥാൻ വീണ്ടും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു: ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

ജനീവ: ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരെ വിമർശനം ഉന്നയിച്ച് ഇന്ത്യ. പാകിസ്ഥാൻ വീണ്ടും തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണ്. പാകിസ്ഥാന്റേത് അസംബന്ധ നാടകങ്ങളാണ്. നാടകം കളിച്ചാൽ യാഥാർഥ്യം മറയ്ക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് നടത്തിയ മറുപടി പ്രസംഗത്തിലാണ് പാക് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ നടപടികളേയും വിമർശിച്ചത്.
ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാനെ ഇന്ത്യ ആക്രമിച്ചു, പാകിസ്ഥാന്റെ ധൈര്യത്തിലും ശക്തിയിലും ആക്രമണത്തെ ചെറുത്തെന്നാണ് വെള്ളിയാഴ്ച നടന്ന യുഎൻജിഎയുടെ 80-ാമത് സെഷനിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. തീവ്രവാദം പാകിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്നാണ് ഇതിന് ഇന്ത്യ മറുപടി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ 22ന് കേന്ദ്ര ഭരണ പ്രദേശമായ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ആക്രമികളെ സംരക്ഷിക്കാനുള്ള സമീപനമാണ് പാകിസ്ഥാൻ സ്വീകരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ സൈന്യം യുദ്ധം നിർത്താൻ അഭ്യർഥിച്ചു എന്നും ഇന്ത്യ സഭയിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം ഒഴിവാക്കി എന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം ഇന്ത്യ തള്ളി.









0 comments