പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ട്; അവകാശവാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ പങ്കുള്ളതായി പാക് വ്യോമസേന. പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) പബ്ലിക് റിലേഷൻസ് മേധാവി എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ തന്ത്രപരമായ ബുദ്ധിയാണ് എന്നാണ് സൈനിക മേധാവി അവകാശപ്പെടുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ.
"പാകിസ്ഥാന്റെ കര, ജല, വ്യോമാതിർത്തിയിലോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾക്ക് നേരെയോ ഭീഷണിയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. പാകിസ്ഥാൻ ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുന്നു. പുൽവാമയിൽ ഞങ്ങളുടെ തന്ത്രപരമായ കഴിവിലൂടെ അത് അറിയിച്ചതാണ്. ഇപ്പോഴും ഞങ്ങളുടെ പ്രവർത്തന വൈദഗ്ധ്യം ഞങ്ങൾ തെളിയിച്ചിട്ടുണ്ട്"- ഔറംഗസേബ് അഹമ്മദ് പറഞ്ഞു. ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നാവികസേന വക്താവും അദ്ദേഹത്തോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പാക് സൈനിക മേധാവികൾ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
2019ലുണ്ടായ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നുള്ള ഇന്ത്യയുടെ വാദം ഇത്രയുംകാലം അവര്‍ നിഷേധിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അവകാശപ്പെട്ടിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വെടിനിർത്തൽ കരാറിന് ഇരു രാജ്യങ്ങളും തയാറെടുക്കുന്ന വാർത്തകൾക്കിടയിലാണ് പുൽവാമാ ആക്രമണത്തിലെ പങ്ക് പാകിസ്ഥാന്റെ സൈനിക മേധാവികൾ അറിയിക്കുന്നത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ വിജയകരമായെന്ന് ഇന്ത്യൻ വ്യോമസേന പ്രഖ്യാപിച്ചു. രാജ്യ താത്പര്യങ്ങൾക്കനുസരിച്ച് ബുദ്ധിപൂർവ്വമാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും വ്യോമസേന എക്സിൽ പോസ്റ്റുചെയ്തു. ഊഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഇന്ത്യൻ വ്യോമസേന അഭ്യർത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂർ തുടരുകയാണ്. അതിനാൽ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് ഏഴിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. നാലുനാൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. കര, വ്യോമ, നാവിക തലത്തിലെ എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും അവസാനിപ്പിച്ച് ശനിയാഴ്‌ച പകൽ അഞ്ചുമുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. തിങ്കൾ പകൽ 12ന് സൈനികതലത്തിൽ തുടർചർച്ചയുണ്ടാകും.









0 comments