ശ്രീലങ്കൻ തദ്ദേശ തിരഞ്ഞെടുപ്പിലും എൻപിപിയുടെ മുന്നേറ്റം; 43 ശതമാനം വോട്ടുകൾ നേടി

കൊളംബോ: ശ്രീലങ്കൻ തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവർ പാർടിക്ക് ജയം. ശ്രീലങ്കയിലുടനീളമുള്ള 339 തദ്ദേശ മുനിസിപ്പൽ കൗൺസിലുകളിൽ 265ലും പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി മികച്ച വിജയം നേടി. പ്രധാന പ്രതിപക്ഷമായ എസ്ജെബി വെറും 14 കൗൺസിലുകൾ മാത്രമാണ് വിജയം നേടിയത്. അതേസമയം രാജ്യത്തെ പ്രധാന ന്യൂനപക്ഷ തമിഴ് പാർടിയായ തമിഴ് നാഷണൽ അലയൻസ് 35 കൗൺസിലുകൾ നേടി.
70 ശതമാനം പോളിങ്ങാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 43 ശതമാനം വോട്ടുകളും നേടിയത് ഭരണകക്ഷിയായ എൻപിപിയാണ്. പ്രതിപക്ഷ പാർടിയായ എസ്‌ജെബി 21 ശതമാനം വോട്ടാണ് നേടിയത്. മുൻ പ്രസിഡന്റുമാരായ റനിൽ വിക്രമസിംഗെയുടെയും മഹിന്ദ രാജപക്‌സെയുടെയും പാർട്ടികൾക്ക് ഒരു കൗൺസിലിന്റെ പോലും നിയന്ത്രണം നേടാനായില്ല.
അധികം വോട്ട് ലഭിച്ചെങ്കിലും ചില കൗൺസിലുകളിൽ എൻപിപിക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. തലസ്ഥാനമായ കൊളംബോയിൽ എൻപിപിക്ക് വിജയം നേടാനായില്ല. കേവല ഭൂരിപക്ഷത്തിന് എൻപിപിക്ക് 130 കൗൺസിലുകളുടെ നിയന്ത്രണം കൂടി ആവശ്യമാണ്. ഭരണം നടത്താൻ മറ്റ് പാർടികളുടെ പിന്തുണ ആവശ്യമായി വരും. നേട്ടങ്ങളിൽ ഞങ്ങൾ സന്തുഷ്ടരാണ്. തദ്ദേശ സർക്കാരുകളെ ശുദ്ധീകരിക്കാനുള്ള ഞങ്ങളുടെ ആഹ്വാനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്- എന്ന് എൻപിപി ജനറൽ സെക്രട്ടറി ടിൽവിൻ സിൽവ പറഞ്ഞു.
2018 ലാണ് രാജ്യത്ത് അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം 2022-ലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 2023-ൽ രണ്ടുതവണ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റിവെയ്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കാരണം അന്നത്തെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ തെരഞ്ഞെടുപ്പ് കമീഷന് സാമ്പത്തിക സഹായം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിൽ ഹർജി നൽകി. എന്നാൽ വോട്ടെടുപ്പ് നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
2024 ലെ അവസാനത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അനുര കുമാര ദിസനായകേയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്.









0 comments