ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമില്ല; ഇന്ത്യക്കാരുൾപ്പെടെ 250 യാത്രക്കാർ തുർക്കി വിമാനത്താവളത്തിൽ കുടുങ്ങിയിട്ട് 42 മണിക്കൂർ

ഇസ്താംബുൾ: തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ 250 യാത്രക്കാർ കുടുങ്ങിയിട്ട് 42 മണിക്കൂർ. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഏപ്രിൽ 2-ന് മെഡിക്കൽ എമർജൻസി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിഎസ്358 വിമാനം ദിയാർബക്കിർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. ലാൻഡിംഗിന് ശേഷം വിമാനത്തിന് സാങ്കേതിക തകരാറുണ്ടായി. ഇത് പരിശോധിച്ചുവരികയാണ്.
തെക്ക്-കിഴക്കൻ തുർക്കിയിലെ ഒരു ചെറിയ സൈനിക വിമാനത്താവളമാണ് ദിയാർബക്കിർ വിമാനത്താവളം. പരിമിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറംലോകത്തെ അറിയിച്ചത്.

വിമാനത്താവളത്തിൽ കാത്തുനിന്ന 300-ഓളം യാത്രക്കാർക്ക് ഒരു ശുചിമുറി മാത്രമേ ലഭ്യമായിട്ടുള്ളുവെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഭക്ഷണവും മറ്റ് ആവശ്യ സൗകര്യങ്ങളും ലഭ്യമാകാത്തതും യാത്രക്കാരുടെ ദുരിതത്തിലാക്കിയിട്ടുണ്ട്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം വ്യാഴാഴ്ച പുലർച്ചെ 1.40 ന് ലാൻഡ് ചെയ്യേണ്ടതായിരുന്നു.
"ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം, ഇപ്പോഴുണ്ടായ അസൗകര്യങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ആവശ്യമായ സാങ്കേതിക അനുമതികൾ ലഭിച്ചതിന് ശേഷം വെള്ളിയാഴ്ച പ്രാദേശിക സമയം 12:00 ന് ദിയാർബക്കിർ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കുള്ള VS1358 വിമാന സർവീസ് ഞങ്ങൾ തുടരും," വിർജിൻ അറ്റ്ലാന്റിക് വക്താവ് പറഞ്ഞു.









0 comments