നിമിഷ പ്രിയയുടെ മോചനം; യമനുമായി ചർച്ചകൾ നടക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്റാൻ: കൊലപാതകക്കുറ്റം ചുമത്തി യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ ഇടപെടുന്നതായി അറിയിച്ച് ഇറാൻ. നിമിഷ പ്രിയയുടെ മോചനവുമായി സംബന്ധിച്ച് യെമനുമായി ചർച്ചകൾ നടക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് സ്ഥിരീകരിച്ചു. മാനുഷിക പരിഗണനയിൽ സഹായിക്കാൻ തയാറാണെന്നാണ് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.
തലാൽ അബ്ദുൾ മഹ്ദിയെന്ന യമനി പൗരനെ കൊന്നകേസിലാണ് നിമിഷപ്രിയയ്‌ക്ക് വധശിക്ഷ ലഭിച്ചത്. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യമനിൽ നഴ്‌സായി ജോലിക്കെത്തിയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. പിന്നീട് തലാലുമായി ചേർന്ന് സ്വന്തം ക്ലിനിക് ആരംഭിച്ചു. സമ്പാദ്യമെല്ലാം തലാലിന് കൈമാറി കൂടുതൽ പണം കണ്ടെത്താൻ കുടുംബസമേതം നാട്ടിലെത്തി. നിമിഷമാത്രം തിരിച്ചുപോയി. യമൻ-സൗദി യുദ്ധത്തെത്തുടർന്ന് ടോമിയുടെയും മകളുടെയും യാത്ര മുടങ്ങി. തലാൽ സമ്പാദ്യവും പാസ്‌പോർട്ടും തട്ടിയെടുത്തപ്പോൾ അധികൃതർക്ക് പരാതി നൽകി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ നിമിഷപ്രിയ തലാലിനെ അപായപ്പെടുത്തുകയായിരുന്നു.
2018ലാണ് കേസിൽ നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. അമ്മ പ്രേമകുമാരി അഞ്ച് മാസമായി സനയിലാണ്. ഇവർക്ക് സർക്കാർതലത്തിൽ ആവശ്യമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദു മെഹ്‌ദിയുടെ കുടുംബത്തിന്റെ തീരുമാനമാണ് ഇനി പ്രധാനം. ഇവരുടെ ഗോത്രതലവന്മാരുടെ അഭിപ്രായവും നിർണായകം. മാപ്പ് നൽകാൻ ഇവർ തയ്യാറാകണമെങ്കിൽ രാഷ്‌ട്രീയ സമ്മർദം അനിവാര്യമാണെന്നിരിക്കെ കേന്ദ്രസർക്കാർ ഇതിന് താൽപര്യമെടുക്കേണ്ടതുണ്ട്.









0 comments