പുതിയ മാർപാപ്പ: കോൺക്ലേവ്‌ ഇന്നുമുതല്‍

POPE FRANCIS
വെബ് ഡെസ്ക്

Published on May 07, 2025, 12:16 AM | 1 min read

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ്‌ വത്തിക്കാനിലെ സിസ്‌റ്റെയ്‌ൻ ചാപ്പലിൽ ബുധനാഴ്ച തുടങ്ങും. ബുധൻ രാവിലെ പ്രത്യേക കുർബാനയോടെയാണ്‌ നടപടിക്രമങ്ങൾക്ക്‌ തുടക്കമാവുക. ആദ്യ ദിവസം ഉച്ചയ്ക്കുശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ്‌ എന്ന പതിവിന്‌ ഇത്തവണ മാറ്റമുണ്ടാകുമെന്ന്‌ സൂചന. വത്തിക്കാൻ മാധ്യമ വിഭാഗം ഡയറക്ടർ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവന പ്രകാരം കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ്‌ വോട്ടെടുപ്പ്‌ ആരംഭിക്കുക. വിജയകരമെങ്കിൽ പ്രാദേശിക സമയം 10.30ന്‌ വെള്ളപ്പുക കാണും. പരാജയമെങ്കിൽ 12ന്‌ കറുത്ത പുക ഉയരും.


ഇത്തവണ വോട്ടവകാശമുള്ള 133 പേരടക്കം 173 കർദിനാൾമാർ വത്തിക്കാനിൽ ചൊവ്വ രാവിലെ ഒമ്പതിന്‌ ആരംഭിച്ച പൊതുചർച്ചയിൽ പങ്കെടുത്തതായി വത്തിക്കാൻ മാധ്യമ വിഭാഗം ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. പീഡനം, സാമ്പത്തിക വിഷയങ്ങൾ, സമാധാന ശ്രമങ്ങൾ, പുരോഹിതസഭ തുടങ്ങിയവയിൽ ഫ്രാൻസിസ്‌ മാർപാപ്പ തുടങ്ങിവച്ച നവീകരണശ്രമങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകേണ്ടതെങ്ങനെ എന്നതിലായിരുന്നു പ്രധാന ചർച്ച.


യുദ്ധവും അതിക്രമങ്ങളും ധ്രുവീകരണവും രൂക്ഷമാകുന്ന കാലഘട്ടത്തിൽ കനിവിന്റെയും പ്രതീക്ഷയുടെയും മാർപാപ്പയെയാണ്‌ തെരഞ്ഞെടുക്കണമെന്ന പൊതു അഭിപ്രായം ഉയർന്നു. ലോകത്ത്‌ നടക്കുന്ന വിവിധ സംഘർഷങ്ങളിൽ സമാധാന പുനഃസ്ഥാപനത്തിന്‌ ആഹ്വാനം ചെയ്തുകൊണ്ടാണ് യോഗം അവസാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home