വിവാഹ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ
യുഎഇയിൽ ഇനി 18 തികഞ്ഞവർക്ക് രക്ഷിതാക്കളുടെ സമ്മതമില്ലെങ്കിലും ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാം

അബുദാബി: യുഎഇയിൽ വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങൾ തുടങ്ങിയവയിലെ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിലായി. സ്ത്രീകൾക്ക് 18 തികഞ്ഞാൽ അവരുടെ രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം. വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും. സ്വന്തംരാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന വിലക്ക് ഉണ്ടായിരിക്കരുത് എന്നുമാത്രം.
വിവാഹത്തിന് രക്ഷിതാവിൽനിന്ന് എതിർപ്പുണ്ടായാൽ അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാം. പ്രായപൂർത്തിയായ സ്ത്രീപുരുഷൻമാർക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തടസമില്ല.
18 വയസാണ് വിവാഹ പ്രായം. 15 വയസ് തികഞ്ഞ കുട്ടികൾക്ക് ഏത് രക്ഷിതാവിന്റെ കൂടെയാണ് കഴിയേണ്ടത് എന്ന് സ്വയം തെരഞ്ഞടുക്കാം. ദമ്പതികളിൽ ഒരാൾ മദ്യത്തിനോ മയക്കുമരുന്നിനോ അടിമയാണെങ്കിൽ വിവാഹ മോചനത്തിന് അവകാശം ലഭിക്കുമെന്നും നിയമം (Federal Decree-Law No (41) of 2024) പറയുന്നു.
ഇരുവരുടെയും പ്രായവ്യത്യാസം മുപ്പത് വർഷത്തിൽ കൂടുതലാണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താൻ കഴിയൂ . വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല.
വിവാഹക്കരാറിൽ മറ്റു വ്യവസ്ഥകളില്ലെങ്കിൽ ഭാര്യയും ഭർത്താവും ഒരു വീട്ടിൽ താമസിക്കണം. പരസ്പരം സമ്മതമാണെങ്കിൽ മുൻ ബന്ധത്തിലുള്ള മക്കളെയും കൂടെ താമസിപ്പിക്കാം. കുടുംബത്തിന്റെ ക്ഷേമം മുൻനിർത്തി വിവാഹശേഷം ജോലിക്ക് പോകുന്നത് നിയമലംഘനമല്ല.
പ്രായ പൂർത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുക എന്നിവയെല്ലാം കുറ്റകൃത്യമാണ്. 5000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കാം. സംരക്ഷണം എന്നതിൽ ആവശ്യമായ സാമ്പത്തിക പിന്തുണയും ഉൾപ്പെടും.









0 comments