കൂക്കിവിളി.. ആളൊഴിഞ്ഞ കസേരകൾ; ഐക്യരാഷ്ട്ര സഭയിൽ നാണംകെട്ട് നെതന്യാഹു

ജനീവ: പശ്ചിമേഷ്യയിലെ ഗാസയിൽ വംശഹത്യ നടക്കുന്നുവെന്നത് തമാശയാണെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിലെ പട്ടിണി മരണങ്ങളുടെ കണക്ക് തള്ളിയതിന് പിന്നാലെ ഹമാസ് ആയുധം താഴെ വച്ചില്ലെങ്കിൽ ഇസ്രയേൽ വേട്ട തുടരുമെന്നും നെതന്യാഹു ആക്രോശിച്ചു.
അതേസമയം, നെതന്യാഹുവിന്റെ പ്രസംഗം തുടങ്ങുന്നതിന് മുമ്പ് നിരവധി പ്രതിനിധികൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി. നെതന്യാഹുവിന് നേരെ കുവിവിളിച്ചുകൊണ്ടായിരുന്നു നേതാക്കൾ സഭ ബഹിഷ്ക്കരിച്ചത്. ഗാസയിലെ സൈനിക നടപടിയിൽ ഇസ്രായേൽ ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് യുദ്ധക്കുറ്റക്കേസുകൾ നേരിടുന്നയാളാണ് നെതന്യാഹു. ഗാസയിലെ ജോലി ഇസ്രയേൽ "കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുമെന്നും" നെതന്യാഹു പ്രഖ്യാപിച്ചു. പ്രസംഗത്തിന് മുമ്പ്, തന്റെ പ്രസ്താവനകൾ പലസ്തീനികളെ അറിയിക്കുന്നതിനായി ഗാസ മുനമ്പിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കാൻ ഇസ്രയേൽ സൈന്യത്തോട് ഉത്തരവിട്ടു.
ഗാസയിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളുടെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗം ഗാസ മുനമ്പിലുടനീളം തത്സമയം സംപ്രേഷണം ചെയ്തതായും നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.









0 comments