ഗാസയിലെ കടന്നാക്രമണം: തുടക്കം മാത്രമെന്ന് നെതന്യാഹു; അപലപിച്ച് ലോകരാജ്യങ്ങൾ

ടെൽ അവീവ് : ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിൽ ന്യായീകരണവുമായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇത് ഒരു തുടക്കം മാത്രമാണെന്നും എല്ലാ വെടിനിർത്തൽ ചർച്ചകളും വെടിവെപ്പിന് കീഴിലായിരിക്കും നടക്കുകയെന്നും നെതന്യാഹു പറഞ്ഞു. ദേശീയ ടെലിവിഷനിൽ റെക്കോർഡ് ചെയ്ത പ്രസിതാവനയിലാണ് നെതന്യാഹുവിന്റെ ഭീഷണി.
ഇസ്രായേൽ എല്ലാ യുദ്ധലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതുവരെ മുന്നോട്ട് പോകും. ഹമാസിനെ തകർക്കുകയും മിലിട്ടറി ഗ്രൂപ്പ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്യും. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദ്ദം അനിവാര്യമാണെന്നാണ് മുൻ മോചനങ്ങൾ തെളിയിച്ചത്. ഇത് ഒരു തുടക്കം മാത്രമാണ്- നെതന്യാഹു പറഞ്ഞു.
ചൊവ്വ പുലർച്ചെ ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തിയതിനുപിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പരാമർശം. മധ്യ ഗാസയിലെ ദെയ്‌ർ അൽ ബലാ, ഗാസ സിറ്റി, തെക്കൻ നഗരങ്ങളായ ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിലാണ് ഇസ്രയേലിന്റെ ബോംബാക്രമണം ഉണ്ടായത്. സ്‌ത്രീകളും കുട്ടികളും ആശുപത്രി ജീവനക്കാരുമടക്കം 404 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധിയാളുകൾ കുടുങ്ങിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കയുമായി കൂടിയാലോചിച്ചാണ് ഇസ്രയേൽ കടന്നാക്രമണം പുനരാരംഭിച്ചതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ബന്ദികളുടെ ജീവൻ ഇസ്രയേൽ അപകടത്തിലാക്കുകയാണെന്നും ഹമാസ് പറഞ്ഞു. സൗദി അറേബ്യ, സ്‌പെയിൻ, മധ്യസ്ഥ ചർച്ച നയിക്കുന്ന ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഗാസയിലേക്ക് ആക്രമണം പുനരാരംഭിച്ച ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ചു.









0 comments