പ്രക്ഷോഭം അവസരവാദികൾ ‘ഹൈജാക്ക്' ചെയ്‌തുവെന്ന്‌ ‘ജെൻ സി’ നേതൃത്വം

നേപ്പാൾ ശാന്തമാകുന്നു ; പുതിയ സർക്കാർ വരുംവരെ നിയന്ത്രണം സൈന്യത്തിന്

nepal violence
വെബ് ഡെസ്ക്

Published on Sep 11, 2025, 02:02 AM | 1 min read


കാഠ്‌മണ്ഡു

സർക്കാർവിരുദ്ധ കലാപത്തെ തുടർന്ന്‌ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ അശാന്തി പടർന്ന നേപ്പാൾ സമാധാനത്തിലേക്ക്‌. സമൂഹമാധ്യമ നിരോധനത്തെ തുടർന്ന്‌ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രണാതീതമായതോടെ ക്രമസമാധാന ചുമതലയേറ്റെടുത്ത സൈന്യം വ്യാഴാഴ്‌ച രാവിലെ വരെ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. ബുധനാഴ്‌ച സൈനികരെ വിന്യസിച്ചതോടെ കാഠ്മണ്ഡു ശാന്തമായി. ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു. രണ്ടുദിവസം തുടർന്ന കലാപത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു.


നേപ്പാളിൽ താത്‌കാലിക സർക്കാരിനെ നയിക്കാൻ "ജൻ സി' നേതൃത്വം മൂന്നു പേരുകൾ നിർദേശിച്ചിട്ടുണ്ട്‌ . മുൻ ചീഫ-്‌ ജസ്‌റ്റിസ്‌ സുഷീല കർകി, കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷാ, വൈദ്യുതി ബോർഡ്‌ മുൻ ചെയർമാൻ കുൽമാൻ ഗിസിങ്‌ എന്നിവരാണത്‌. ഇതിൽ ഒരു പേര്‌ അന്തിമമാക്കാൻ ജൻസി ഗ്രൂപ്പ്‌ ചർച്ച തുടരുകയാണ്‌.


അനാവശ്യ യാത്ര വേണ്ടെന്നും വീട്ടിൽ തന്നെ തുടണമെന്നും ഉച്ചഭാഷിണിയിലൂടെ ഉദ്യോഗസ്ഥർ നിർദേശിച്ചു. സൈന്യം നഗരത്തിൽ പട്രോളിങ്‌ നടത്തി. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക ചെക്പോസ്റ്റുകൾ സ്ഥാപിച്ചു. അക്രമികള്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. അക്രമത്തിലേർപ്പെട്ട 27 പേരെ അറസ്റ്റുചെയ്തു. 31 തോക്ക് പിടിച്ചെടുത്തു. പുതിയ സർക്കാർ വരുംവരെ സാഹചര്യം നിയന്ത്രിക്കുമെന്നാണ്‌ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്‌.


അതേസമയം, പ്രക്ഷോഭം അവസാരവാദികൾ ‘ഹൈജാക്ക്' ചെയ്‌തുവെന്ന്‌ പ്രക്ഷോഭം നയിച്ച ‘ജെൻ സി’ നേതൃത്വം പ്രസ്‌താവനയിറക്കി. പ്രതിഷേധം സമാധാനപരമായി നടത്താനാണ്‌ ലക്ഷ്യമിട്ടതെന്നും അക്രമങ്ങളെ അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ‘ജെൻ സി’ നേതാക്കളെ സമാധാന ചർച്ചകൾക്ക്‌ സൈന്യം ക്ഷണിച്ചു.


​നേപ്പാളിൽ രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാത്ത സമൂഹമാധ്യമ സൈറ്റുകൾക്ക്‌ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന്‌ തിങ്കളാഴ്‌ച ആരംഭിച്ച യുവജന പ്രതിഷേധമാണ്‌ കലാപമായി പടർന്നത്‌. മുൻപ്രധാനമന്ത്രിമാർ അടക്കമുള്ളവരുടെ വീടുകൾ തകർക്കുകയും സർക്കാർ കെട്ടിടങ്ങൾക്ക്‌ തീയിടുകയുംചെയ്‌തു. പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു.

കലാപത്തിന്റെ മറവിൽ നേപ്പാളിലെ വിവിധ ജയിലുകളിൽനിന്ന്‌ ഏഴിയിരത്തിലേറെ തടവുകാർ രക്ഷപ്പെട്ടു. പടിഞ്ഞാറൻ നേപ്പാളിലെ ബാങ്കെയിലെ ജുവനൈൽ കറക്‌ഷണൽ സെന്ററിൽ ഏറ്റുമുട്ടലിനിടെ പൊലീസിന്റെ വെടിയേറ്റ്‌ പ്രായപൂർത്തിയാകാത്ത അഞ്ച് തടവുകാർ കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home