നേപ്പാളിൽ കലാപം: പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു, രാജ്യം വിട്ടു

nepal riotes
വെബ് ഡെസ്ക്

Published on Sep 10, 2025, 02:54 AM | 2 min read

കാഠ്‌മണ്ഡു: രാജ്യത്ത്‌ രജിസ്‌റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്‌ പിന്നാലെ ഉയർന്നുവന്ന യുവജന പ്രതിഷേധം കലാപമായി മാറിയതോടെ നേപ്പാളില്‍ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. ഒലി രാജ്യം വിട്ടതായി സൂചന. രാജി അംഗീകരിച്ചതായി പ്രസിഡന്റ്‌ രാംചന്ദ്ര പ‍ൗഡേൽ അറിയിച്ചു. പ്രസിഡന്റ്‌ രാജിവച്ചതായി അഭ്യൂഹം പരന്നെങ്കിലും ഇത് നേപ്പാൾ സൈന്യം നിഷേധിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവച്ചിട്ടും പ്രതിഷേധം അക്രമാസക്തമായി തെരുവിലേക്ക്‌ പടർന്നു. പ്രതിഷേധക്കാർ പാർലമെന്റ്‌ മന്ദിരത്തിനും പ്രസിഡന്റിന്റെ ഓഫീസിനും സുപ്രീംകോടതിക്കും തീയിട്ടു. മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീട്‌ ആക്രമിച്ച ജനക്കൂട്ടം ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കറെ ചുട്ടുകൊന്നു. കാഠ്‌മണ്ഡു ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ കർഫ്യു തുടരുന്നു. ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു.

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസ് പൂർണമായും നിർത്തി. നേപ്പാളി കോൺഗ്രസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദ്യൂബ, മുൻ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ (പ്രചണ്ഡ) എന്നിവരടക്കമുള്ള നേതാക്കളുടെ വീടുകളും ആക്രമിച്ചു. ധനമന്ത്രി ബിഷ്‌ണുപ്രസാദ്‌ പ‍ൗഡലിനെ തെരുവിലൂടെ ഓടിച്ചിട്ട്‌ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. സുപ്രീംകോടതി, അറ്റോർണി ജനറലിന്റെ ഓഫീസ്‌, ജില്ലാ കോടതികൾ എന്നിവയ്‌ക്കുനേരെയും ആക്രമണമുണ്ടായി. റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട്‌ കത്തിച്ചു. സർക്കാർ വാഹനങ്ങൾ കത്തിച്ചു. മഹോട്ടാരിയിലെ ജലേശ്വർ ജയിൽ ആക്രമിച്ച പ്രതിഷേധക്കാർ 572 തടവുകാരെ മോചിപ്പിച്ചു. വ്യാഴാഴ്‌ചയാണ്‌ നേപ്പാൾ സർക്കാർ യുട്യൂബും ഫെയ്‌സ്‌ബുക്കും ഉൾപ്പെടെ 26 സമൂഹമാധ്യമ സൈറ്റുകൾ രാജ്യത്ത്‌ നിരോധിച്ചത്‌. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം സമൂഹമാധ്യമങ്ങൾ രാജ്യത്ത്‌ രജിസ്‌റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പലവട്ടം നോട്ടീസ്‌ നൽകിയിട്ടും നിരസിച്ച സമൂഹമാധ്യമങ്ങളെയാണ്‌ സർക്കാർ വിലക്കിയത്‌.

ഇതിനെതിരായി ഉയർന്ന യുവജന പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 21 പേർ മരിച്ചു. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആഭ്യന്തര മന്ത്രി രമേഷ്‌ ലേഖക്‌ തിങ്കളാഴ്‌ച രാജിവച്ചിരുന്നു. സമൂഹ മാധ്യമ വിലക്കും പിൻവലിച്ചു. എന്നാൽ പ്രതിഷേധം തുടരുകയായിരുന്നു. അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ജെൻ സി (ജനറേഷൻ സെഡ്‌ ) ബാനറിലാണ്‌ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്‌.മലയാളികൾ ഉൾപ്പെടെ നേപ്പാളിലെത്തിയ നിരവധി വിനോദ സഞ്ചാരികൾ മടങ്ങാനാകാതെ കുടുങ്ങി. സംഘര്‍ഷം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കണമെന്നും നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും വിദേശ മന്ത്രാലയം അഭ്യര്‍ഥിച്ചു. നേപ്പാൾ –ബിഹാർ അതിർത്തി അടച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home