പ്രായപൂർത്തിയാകാത്ത 5 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നേപ്പാൾ ജെൻ സി പ്രതിഷേധം ; 7000 പേർ ജയിൽചാടി

nepal riot

കാഠ്മണ്ഡുവിൽ ജയിൽ ചാടിയ തടവുകാരെ സെെനികരുടെ നേതൃത്വത്തിൽ പിടികൂടി തിരിച്ച് കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Sep 11, 2025, 02:49 AM | 2 min read


കാഠ്മണ്ഡു

നേപ്പാളിൽ അക്രമാസക്തമായ സർക്കാർവിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ജയിൽചാട്ടം. വിവിധ ജയിലുകളിൽ നിന്ന് ഏഴായിരത്തിലേറെ പേർ രക്ഷപ്പെട്ടു. പടിഞ്ഞാറൻ നേപ്പാളിലെ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ പ്രായപൂർത്തിയാകാത്ത അഞ്ച് തടവുകാർ മരിച്ചു. നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വ രാത്രി ബാങ്കെയിലെ ബൈജ്‌നാഥ് റൂറൽ മുനിസിപ്പാലിറ്റിയിലെ നൗബാസ്റ്റ റീജിയണൽ യിലിലെ കറക്ഷണൽ ഹോമിലാണ്‌ സംഭവം.


പ്രതിഷേധങ്ങൾ മുതലെടുത്ത് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചതോടെ നിരവധി ജയിലുകളിൽ സംഘർഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തടവുകാർ കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ്‌ പൊലീസ് വെടിയുതിർത്തതെന്ന്‌ ദി റൈസിങ്‌ നേപ്പാൾ പത്രം റിപ്പോർട്ട്‌ചെയ്‌തു. ജയിലിലെ 585 തടവുകാരിൽ 149 പേരും ജുവനൈൽ ഹോമിലെ 176 തടവുകാരിൽ 76 പേരും രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.


തെക്കൻ നേപ്പാളിലെ ബാഗ്മതി പ്രവിശ്യയിലെ സിന്ധുലിഗാധി ജില്ലാജയിലിൽനിന്ന് 43 സ്ത്രീകൾ ഉൾപ്പെടെ 471 തടവുകാരും രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ തടവുകാർ ജയിലിൽ തീയിട്ടശേഷം പ്രധാന ഗേറ്റ് തകർത്ത് രക്ഷപ്പെടുകയായിരുന്നു. തെക്കൻ നേപ്പാളിലെ നവാൽപരസി വെസ്റ്റ് ജില്ലാ ജയിലിൽനിന്ന് അഞ്ഞൂറിലധികം തടവുകാർ രക്ഷപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡുവിൽ ദില്ലിബസാർ ജയിലിൽനിന്ന് രക്ഷപ്പെട്ട തടവുകാരനെ യുവാക്കൾ പിടികൂടി സൈന്യത്തിന് കൈമാറി. ബുധനാഴ്ച വൈകിട്ട്‌ സപ്താരിയിലെ രാജ്ബിരാജ് ജയിലിൽ തടവുകാർ തീയിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും ചിലർ ഓടിരക്ഷപ്പെട്ടു.


പുതിയ പ്രധാനമന്ത്രി: മൂന്ന് പേരുകള്‍ മുന്നോട്ടുവച്ച് ജെന്‍ സി

നേപ്പാളിൽ താൽക്കാലിക സർക്കാരിനെ നയിക്കാൻ യോഗ്യരായ മൂന്നു വ്യക്തികളെ ചൂണ്ടിക്കാട്ടി ജെൻ സി. മുൻ ചീഫ-്‌ ജസ്‌റ്റിസ്‌ സുഷീല കർകി, കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷാ, വൈദ്യുതി ബോർഡ്‌ മുൻ ചെയർമാൻ കുൽമാൻ ഗിസിങ്‌ എന്നിവരുടെ പേരുകളാണ്‌ ജൻ സി മുന്നോട്ടുവയ്‌ക്കുന്നത്‌. ഇതിൽ ഒരാളെ അന്തിമമായി പരിഗണിക്കാനായി ജെൻ സി ഗ്രൂപ്പ്‌ സമൂഹമാധ്യമ പ്ലാറ്റ്‌ ഫോമായ സൂമിൽ ചർച്ച തുടരുകയാണ്‌.



വിമാന സർവീസുകൾ പുനരാരംഭിച്ചു

കാഠ്‌മണ്ഡു വിമാനത്താവളം തുറന്നതോടെ ഇന്ത്യയിൽനിന്ന്‌ നേപ്പാളിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിച്ചു. എയർ ഇന്ത്യ ബുധനാഴ്‌ചയും സർവീസ്‌ നടത്തിയില്ല. നേപ്പാളിലെ ജെൻ സി പ്രതിഷേധത്തെ തുടർന്ന്‌ കാഠ്‌മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളം ചൊവ്വാഴ്‌ച അടച്ചിരുന്നു.


പ്രക്ഷോഭത്തെ തുടർന്ന്‌ നേപ്പാളിലും തിബത്തിലും കുടുങ്ങിയ ഇന്ത്യാക്കാർ വിദേശമന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിൽ തുടരുകയാണ്‌. ചിലരുമായി കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. ഇവർ താമസസ്ഥലങ്ങളിൽത്തന്നെ തുടരണമെന്നാണ്‌ വിദേശമന്ത്രാലയത്തിന്റെ നിർദേശം. നേപ്പാളിലേക്ക്‌ തൽക്കാലത്തേക്ക്‌ യാത്ര ഒഴിവാക്കണം.


നേപ്പാളിലെ സംഘർഷസ്ഥിതിയെ തുടർന്ന്‌ അതിർത്തികൾ അടച്ചതോടെ ഇന്ത്യയിൽനിന്ന്‌ നേപ്പാളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കവും തടസ്സപ്പെട്ടു. യുപി, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് നേപ്പാളിലേക്കുള്ള വ്യാപാരപാതകളെല്ലാം അടഞ്ഞു. ഇന്ത്യ– നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ചിലർ റോഡുമാർഗം തിരികെയെത്തിയിട്ടുണ്ട്‌.


നേപ്പാളിൽ കുടുങ്ങിയ 
മലയാളികൾ സുരക്ഷിതർ

കലാപം രൂക്ഷമായ നേപ്പാളിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശികളായ വിനോദസഞ്ചാരികൾ സുരക്ഷിതര്‍. മുക്കം, കൊടുവള്ളി, പൊറ്റമ്മൽ, കക്കോടി, തൊണ്ടയാട് സ്വദേശികളാണ് കാഠ്മണ്ഡുവിലും പൊഖ്റയിലുമായി കുടുങ്ങിയത്. ഏഴ് പുരുഷന്മാരും ഏഴ് സ്ത്രീകളുമുൾപ്പെടെ മൂന്ന് കുടുംബങ്ങളിലെ 14 പേരാണ് പോഖ്റയിലെ ബ്രിഷ ഹോട്ടലിലുള്ളത്. പൊറ്റമ്മൽ അങ്കത്തിൽ റോഡ് സ്വദേശി പി ശശികുമാര്‍, കക്കോടിയിലെ രാജേന്ദ്രൻ, തൊണ്ടയാട്ടെ സുനിൽകുമാര്‍ എന്നിവരും കുടുംബങ്ങളുമാണ് കുടുങ്ങിയത്. സ്ഥലത്തെ മറ്റൊരു ഹോട്ടലിലായിരുന്ന ഇവര്‍ ബുധനാഴ്ചയാണ് ബ്രിഷയിലേക്ക് മാറിയത്.


വ്യാഴം പകൽ 1.45ന് സംഘം പൊഖ്റയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് തിരിക്കും. എന്നാൽ, കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്ര സംബന്ധിച്ച്‌ ആശങ്ക നിലനിൽക്കുകയാണ്. എംബസിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള നിരന്തര ശ്രമത്തിലാണ് സംഘം.


ബുധനാഴ്ചയായിരുന്നു മടക്കയാത്ര നടത്തേണ്ടിയിരുന്നത്. പൊഖ്റയിൽ നിലവിൽ സംഘര്‍ഷ സാഹചര്യമില്ല. എങ്കിലും നേരത്തേ ജയിലിൽനിന്നിറങ്ങിയവര്‍ ഉൾപ്പെടെ നടുറോഡിൽ പ്രതിഷേധിക്കുന്നത് കണ്ടിരുന്നു. ‘ഞങ്ങൾ 14 പേരിൽ ഒമ്പതുപേര്‍ സാഹസിക വിനോദത്തിനും അഞ്ചുപേര്‍ സ്ഥലങ്ങൾ സന്ദര്‍ശിക്കാനുമായി പോയസമയത്തായിരുന്നു സംഘര്‍ഷം. കൃത്യസമയത്ത് സുരക്ഷിത സ്ഥാനത്തെത്തിയതിനാൽ ആര്‍ക്കും പരിഭ്രാന്തിയില്ല. നാട്ടിലേക്ക് എപ്പോൾ തിരിക്കാനാകുമെന്ന ആശങ്ക മാത്രമാണുള്ളത്'– പോഖ്റയിൽ കുടുങ്ങിയ സംഘത്തിലെ സുനിൽകുമാര്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home