ജയിൽചാടിയത് 15000 പേർ
നേപ്പാളിൽ അനിശ്ചിതത്വം ; ജെൻ സിയിൽ തർക്കം , കുൽമാൻ ഘിസിങ്ങിനെ ഇടക്കാല നേതാവാക്കണമെന്ന് ഒരു വിഭാഗം

കാഠ്‌മണ്ഡു
നേപ്പാളിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം കൊളുത്തിയ കലാപത്തീ അണഞ്ഞെങ്കിലും ഇടക്കാല സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡേൽ, സൈനിക മേധാവി അശോക് രാജ് സിങ്‌ദൽ എന്നിവർ ജെൻ സി പ്രക്ഷോഭകരുടെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഇടക്കാല സർക്കാരിനെ ആരു നയിക്കണമെന്ന ചോദ്യത്തിന് ജെൻ സിക്ക് ഉത്തരമുണ്ടായില്ല.
ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രക്ഷോഭകർ ആദ്യം നിർദേശിച്ച മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി വ്യാഴാഴ്ച സൈനിക നേതൃത്വവുമായി ചർച്ച നടത്തി. 70 വയസ്സിന് മുകളിൽ പ്രായമുള്ള സുശീല കർക്കി യുവനിരയെ എങ്ങനെ പ്രതിനിധീകരിക്കും എന്നതിനെച്ചൊല്ലി വ്യത്യസ്‌ത അഭിപ്രായങ്ങളുയർന്നു. നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിട്ടി മുൻ എംഡി കിൽമാൻ ഘിസിങ്ങിന്റെ പേരാണ് പ്രക്ഷോഭകരിൽ ഒരുവിഭാഗം ഇപ്പോൾ ഉയർത്തുന്നത്. ജംഷഡ്പുരിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ കുൽമാൻ ഘിസിങ് നേപ്പാളിന്റെ ഉൗർജപ്രതിസന്ധി പരിഹരിക്കാൻ മുൻകൈ എടുത്തയാളാണ്. ജെൻ സി ആദ്യം നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷാ താൻ നേതാവാകാനില്ലെന്ന് വ്യക്തമാക്കി. തന്റെ പിന്തുണ സുശീല കർക്കിക്കാണെന്നും അറിയിച്ചു.
രാജ്യത്ത് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച സമൂഹമാധ്യമങ്ങളെ സുപ്രീംകോടതി ഉത്തരവ് പ്രകാരം വിലക്കിയ സർക്കാർ നടപടിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 34 പേർ കൊല്ലപ്പെട്ടു. 1368 പേർ പരിക്കേറ്റ് ചികിത്സയിലാണ്. സംഘർഷമേഖലകളിൽ സൈന്യം ക്യാന്പ് ചെയ്യുകയാണ്. കലാപത്തിനിടെ പ്രക്ഷോഭകർ തീയിട്ട സുപ്രീംകോടതി 14 മുതൽ ഭാഗികമായി പ്രവർത്തനം തുടങ്ങും. കാഠ്‌മണ്ഡു, ഭക്തപുർ, ലളിത്‌പുർ എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച വരെ രാത്രികാല കർഫ്യൂ തുടരുമെന്ന് സൈന്യം അറിയിച്ചു.
ഭരണഘടനാപരമായി പരിഹാരം കാണണമെന്ന് രാഷ്ട്രീയകക്ഷികൾ
ഭരണഘടനാപരമായ മാർഗങ്ങളിലൂടെയും സമാധാന ചർച്ചകളിലൂടെയും പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രധാന രാഷ്‌ട്രീയ പാർടികൾ പ്രസ്താവനയിൽ അഭ്യർഥിച്ചു. സിപിഎൻ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്, സിപിഎൻ മാവോയിസ്റ്റ് സെന്റർ, നേപ്പാളി കോൺഗ്രസ് തുടങ്ങിയ പാർടികളാണ് പ്രസ്താവന ഇറക്കിയത്.
പാർലമെന്റ് പിരിച്ചുവിടണമെന്നും ഭരണഘടനാഭേദഗതി ആവശ്യമാണെന്നും പ്രക്ഷോഭകരുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള രാഷ്ട്രീയ പാർടികൾക്ക് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നും നേപ്പാളിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് തങ്ങളുടെ ശ്രമമെന്നും ഇവർ അവകാശപ്പെട്ടു.
ജയിൽചാടിയത് 15000 പേർ
നേപ്പാളിൽ സർക്കാർവിരുദ്ധ കലാപത്തിനിടെ 24 ജയിലുകളിൽനിന്നായി രക്ഷപ്പെട്ടത് 15000ലധികം തടവുകാർ. വ്യാഴാഴ്ച ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു തടവുകാർകൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം എട്ടായി. കാഠ്‌മണ്ഡു വാലി സെൻട്രൽ ജയിലിൽനിന്നാണ് ഏറ്റവും കൂടുതൽ തടവുകാർ രക്ഷപ്പെട്ടത്– 3300 പേർ. നഖു ജയിലിൽനിന്ന് 1400 പേരും ദില്ലിബസാർ ജയിലിൽനിന്ന് 1100 പേരും ബാൻകെ ജില്ലാ ജയിലിൽനിന്ന് 436 പേരും ചാടി. സഹകരണ തട്ടിപ്പ് കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുൻ ആഭ്യന്തരമന്ത്രിയും രാഷ്‌ട്രീയ സ്വതന്ത്ര പാർടി പ്രസിഡന്റുമായ റബി ലമിച്ചാനെയും ജയിൽചാടിയിട്ടുണ്ട്.
പുറത്തെ കലാപത്തിന്റെ വിവരം ജയിലുകളിലും എത്തിയതോടെ ജയിൽചാടാനും കൂട്ടംചേർന്ന് സംഘർഷം സൃഷ്ടിക്കാനും ശ്രമം നടന്നു. പല ജയിലുകളിലും തടവുകാർ സുരക്ഷാ ഉദ്യോസ്ഥരുമായി ഏറ്റുമുട്ടി. ഇതോടെ ജയിലുകളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയിൽ ചാടിയ തടവുകാരെ പിടികൂടാൻ പരിശോധന ആരംഭിച്ചതായി നേപ്പാൾ പൊലീസ് അറിയിച്ചു.
തടവുചാടിയ പല പ്രതികളും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ അതിർത്തികളിൽനിന്നായി 60 പേരെ അതിർത്തി രക്ഷാസേന പിടികൂടി.









0 comments