ജയ്ഷെ ഭീകരർ ബിഹാറിലെത്തിയെന്ന റിപ്പോർട്ട് തള്ളി നേപ്പാൾ; മലേഷ്യയിലേക്ക് കടന്നതായി സൂചന

കാഠ്മണ്ഡു: ഇന്ത്യയിലേക്ക് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരർ കടന്നെന്ന റിപ്പോർട്ട് നേപ്പാൾ തള്ളി. നേപ്പാൾ വഴി ബിഹാറിലേക്ക് മൂന്ന് ജെയ്‌ഷെ ഭീകരർ കടന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഭീകരർ കാഠ്മണ്ഡുവിൽ നിന്ന് മലേഷ്യയിലേക്ക് കടന്നതായി രാജ്യം അറിയിച്ചു. മൂന്ന് പേരും പാകിസ്ഥാൻ പൗരന്മാരായിരുന്നെന്നും ഇവർ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വിമാനങ്ങളിലാണ് കാഠ്മണ്ഡുവിൽ നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തെന്നും നേപ്പാൾ പൊലീസും ഇമിഗ്രേഷൻ വകുപ്പും കാഠ്മണ്ഡു വിമാനത്താവള അതോറിറ്റിയും അവകാശപ്പെട്ടു.
നിരോധിത സംഘനടയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തകരായ മൂന്ന് പേർ രാജ്യത്ത് കടന്നുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. റാവൽപിണ്ടി സ്വദേശി ഹസ്‌നൈൻ അലി, ആദിൽ ഹുസെെൻ അമർകോട്ട്, ഉസ്മാൻ ബഹവല്പൂർ എന്നിവരാണ് അനധികൃതമായി പ്രവേശിച്ചതെന്ന് ബിഹാർ പൊലീസ് അറിയിച്ചിരുന്നു. മൂന്ന് പേരുടേയും ചിത്രങ്ങളുടെ സ്കെച്ചുകളും പുറത്തുവിട്ടിരുന്നു. തുടർന്ന് ബിഹാറിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ആഗസ്ത് 8ന് ഹസ്‌നൈൻ അലിയും ആദിൽ ഹുസൈനും, 10ന് മുഹമ്മദ് ഉസ്മാനും കാഠ്മണ്ഡുവിലെത്തിയതായി നേപ്പാൾ ഇമിഗ്രേഷൻ വക്താവ് ടികാറാം ധക്കൽ പറഞ്ഞു. ഇവർ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ ഉപയോഗിച്ചാണ് നേപ്പാളിൽ എത്തിയത്. ഹസ്‌നൈൻ അലിയും ആദിൽ ഹുസൈനും ആഗസ്ത് 15ന് രാത്രി 10:45 ന് പുറപ്പെട്ട മലേഷ്യൻ എയർലൈൻസിന്റെ MH 115 വിമാനത്തിൽ കാഠ്മണ്ഡുവിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയി. ആഗസ്ത് 24 ന് രാത്രി 9:35 ന് പുറപ്പെട്ട നേപ്പാൾ എയർലൈൻസിന്റെ RA 415 വിമാനത്തിൽ മുഹമ്മദ് ഉസ്മാനും ക്വാലാലംപൂരിലേക്ക് പോയതായാമ് നേപ്പാൾ അധികൃതർ അവകാശപ്പെടുന്നത്.
സന്ദർശക വിസയിലാണ് മൂന്ന് പേരും നേപ്പാളിലെത്തിയത്. ഇവരെക്കുറിച്ച് ഇന്ത്യൻ അധികൃതരിൽ നിന്നോ ഇന്റർപോളിൽ നിന്നോ യാതൊരു മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ലെന്ന് നേപ്പാൾ ഇമിഗ്രേഷൻ അറിയിച്ചു. അവരുടെ പാസ്‌പോർട്ടുകൾ ആരുടെയും നിരീക്ഷണ പട്ടികയിൽ ഇല്ലെന്നും അത്തരം വിവരങ്ങൾ ലഭ്യമായിരുന്നെങ്കിൽ അവരെ കസ്റ്റഡിയിലെടുക്കുമായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments