സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവരെ കൈമാറാനൊരുങ്ങി മ്യാൻമർ

myanmar

photo credit: X

വെബ് ഡെസ്ക്

Published on Feb 17, 2025, 05:46 PM | 1 min read

ബാങ്കോക്ക്: തായ്‌ലൻഡ് അതിർത്തിക്കടുത്തുള്ള സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ വിദേശ പൗരന്മാരെ കൈമാറാൻ തയ്യാറാണെന്ന് മ്യാൻമർ സൈനിക സർക്കാർ അറിയിച്ചു. ഏകദേശം 1,000 വിദേശപൗരൻമാരെയാണ്‌ കൈമാറുക. രാജ്യാന്തര ക്രിമിനൽ ഗ്രൂപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.


കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 1,030 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തിയതായും, അവരിൽ 61 പേരെ അധികൃതർ ഇതിനകം സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ബാക്കിയുള്ളവരെ അവരുടെ സ്വകാര്യ വിവരങ്ങൾ പരിശോധിച്ച ശേഷം തിരിച്ചയക്കുമെന്നും പറഞ്ഞു.


മ്യാൻമറിന്റെ ഇൻഫർമേഷൻ മന്ത്രാലയം പറയുന്നതനുസരിച്ച്, തട്ടിപ്പ് കേന്ദ്രത്തിലെ ഇരകളിൽ ഭൂരിഭാഗവും ചൈന, ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ളവരും ഉണ്ട്‌.


കയിൻ സ്റ്റേറ്റ് ബോർഡർ ഗാർഡ് ഫോഴ്‌സ് എന്ന സൈനിക സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഷ്വേ കൊക്കോ പ്രദേശത്തും വടക്കുകിഴക്കൻ, കിഴക്കൻ ഷാൻ സംസ്ഥാനങ്ങളിലെ ക്യാമ്പുകളിലും സൈന്യം റെയ്ഡ് നടത്തി. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന 10,000 വിദേശ പൗരന്മാരെ ഘട്ടം ഘട്ടമായി കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു.


സൈബർ തട്ടിപ്പുകൾ നടക്കുന്നതായി സംശയിക്കപ്പെടുന്ന മ്യാൻമറിലെ ചില പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി, ഇന്റർനെറ്റ്, ഇന്ധന വിതരണം തായ്‌ലൻഡ് ഈ മാസം ആദ്യം വിച്ഛേദിച്ചിരുന്നു.


ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രി ലിയു സോങ്‌യി തിങ്കളാഴ്ച തായ്‌ലൻഡിനടുത്തുള്ള എത്‌നിക് ആർമിയുടെ ആസ്ഥാനത്ത് മ്യാൻമർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിയമലംഘകർ അതിർത്തി കടന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തടയുന്നതിനും ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്‌ എന്നിവ അവസാനിപ്പിക്കുന്നതിനും തായ്‌ലൻഡ്, മ്യാൻമർ, മറ്റ് രാജ്യങ്ങൾ എന്നിവയുമായി സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലുടനീളം, പ്രത്യേകിച്ച് ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളിൽ സൈബർ തട്ടിപ്പ് വർധിച്ചു കൊണ്ടിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Home