മ്യാന്‍മര്‍ കണ്ണീര്‍ തുള്ളി

നേപിത : നാല് വർഷത്തെ സൈനിക ഭരണവും ആഭ്യന്തര യുദ്ധവും തകർത്ത മ്യാൻമറില്‍ ഭൂചലനം ജനതയെ തള്ളിവിട്ടത് തീരാദുരിതത്തിലേക്ക്. ആഭ്യന്തര പ്രശ്നങ്ങളാല്‍ 35 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമാകുകയും അടിസ്ഥാനസൗകര്യങ്ങളടക്കം തകര്‍ക്കപ്പെടുകയും സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുകയും ചെയ്തഘട്ടത്തിലാണ് ഭൂചലനം.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽനിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയതോടെ 2021മുതൽ മ്യാൻമർ വലിയ പ്രതിസന്ധിയിലാണ്. മ്യാൻമര്‍ കൊടുംദാരിദ്ര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ജനുവരിയിൽ യുഎൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമല്ല.
സംഘർഷ മേഖലകളിലെ ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. "രാജ്യത്തെങ്ങും ആഭ്യന്തര സംഘർഷങ്ങളാണ്. ആരോഗ്യ സംവിധാനം പൂർണമായും തകർന്നു. കോളറയടക്കമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നു.' ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റി മ്യാൻമർ ഡയറക്ടർ മുഹമ്മദ് റിയാസ് പറഞ്ഞു.കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ആധുനിക യന്ത്രസാമഗ്രികളുടെ അഭാവം അതിരൂക്ഷമാണ്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ യന്ത്രസാമഗ്രികൾ കടം വാങ്ങിയതായി ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. സൈനിക സർക്കാരിനെ ഭയന്ന് വാര്‍ത്ത ഏജന്‍സിയോട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ഭൂചലനത്തിൽ ഒന്നുവിറച്ചെങ്കിലും സുഖമായിരിക്കുന്നു
തായ്‌ലൻഡിൽ ഭൂചനംനടക്കുമ്പോൾ ബാങ്കോക്കിലെ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ പ്രസവശസ്‌ത്രക്രിയ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കെട്ടിടം വിറച്ചു.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചുവെങ്കിലും കുഞ്ഞിനും അമ്മയ്‌ക്കും പരിക്കില്ലാതെ ശസ്‌ത്രക്രിയ പൂർത്തീകരിക്കാൻ ആരോഗ്യപ്രവർത്തകർ തീരുമാനിച്ചു. പിന്നീടെല്ലാം ഞൊടിയിടയിലായിരുന്നു. ആശുപത്രിയിൽ നിൽക്കുന്നത് അപകടമാണെന്ന് മനസിലാക്കി, ഡോക്ടർമാരടങ്ങുന്ന സംഘം യുവതിയെ സ്‌ട്രക്ച്ചറിൽ ആശുപത്രിക്ക് പുറത്തെത്തിച്ചു. തെരുവിൽ ശസ്‌ത്രക്രിയസംവിധാനങ്ങൾ ഒരുക്കി കുഞ്ഞിനെ പുറത്തെടുത്തു. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സംഭവത്തിന്റെ വീഡിയോകൾ പ്രചരിച്ചു. ആശുപത്രികളിലെ മുഴുവൻ രോഗികളെയും ഞൊടിയിടയിൽ സുരക്ഷിതമായി പുറത്തെത്തിച്ച ആരോഗ്യപ്രവർത്തകരെ ലോകമാകമാനം അഭിനന്ദിക്കുകയാണ്.
ദുരന്തത്തിലും തീരാത്ത പക
മ്യാൻമറില്‍ ഭൂകമ്പത്തിനു ശേഷവും സൈന്യം വിമത മേഖലകളില്‍ വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഭരണത്തെ എതിര്‍ക്കുന്ന സായുധസംഘത്തിന്റെ പ്രധാനകേന്ദ്രമായ കരേൻ സംസ്ഥാനത്ത് ഭൂചലനത്തിന് തൊട്ടുപിന്നാലെ സൈനിക ജെറ്റുകൾ വ്യോമാക്രമണം നടത്തിയതായി ദുരിതാശ്വാസ സംഘടനയായ ഫ്രീ ബർമ്മ റേഞ്ചേഴ്‌സ് അറിയിച്ചു. ചൗങ് യു ടൗൺഷിപ്പ് പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിന്റെ കണക്കനുസരിച്ച്, സാഗയിംഗിലെ ചൗങ് യു ടൗൺഷിപ്പിലെ ന്യൂ ഖ്വേ ഗ്രാമത്തിൽ രണ്ടുതവണ ബോംബാക്രമണമുണ്ടായി.
സൈനിക ഭരണകൂടം വിവിധ രാജ്യങ്ങള്‍ നല്‍കുന്ന ദുരിതാശ്വാസ സഹായം സായുധസംഘങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എത്തിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു.
ആശ്വാസവുമായി ‘ഓപ്പറേഷൻ ബ്രഹ്‌മ’
ഭൂചലനത്തിൽ വൻ നാശനഷ്ടമുണ്ടായ മ്യാൻമറിനെ സഹായിക്കുന്നതിന് ഇന്ത്യ ‘ഓപ്പറേഷൻ ബ്രഹ്‌മ’ പ്രഖ്യാപിച്ചു. ശനിയാഴ്‌ച മ്യാൻമറിലെ സൈനികഭരണകൂടത്തിന്റെ തലവൻ സീനിയർ ജനറൽ എച്ച് ഇ മിൻ ആങ് ഹ്ലെയിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു.
80 അംഗ ദേശീയ ദുരന്തനിവാരണ സേനയെ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു. ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, പുതപ്പുകൾ, ഭക്ഷ്യവസ്‌തുക്കൾ, ജനറേറ്ററുകൾ, സോളാർ ലാമ്പുകൾ തുടങ്ങിയ ദുരിതാശ്വാസസാമഗ്രികളുമായി വ്യോമസേനയുടെ സി–-130 ജെ സൈനിക ചരക്കുവിമാനം യാംഗോൺ വിമാനതാവളത്തിൽ ഇറങ്ങി.
40 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി നാവികസേനയുടെ ഐഎൻഎസ് സത്‌പുര, ഐഎൻഎസ് സാവിത്രി എന്നീ കപ്പലുകൾ മ്യാൻമാറിലേക്ക് തിരിച്ചു. 118 ജീവനക്കാരുമായി മ്യാൻമറിൽ താത്കാലിക ആശുപത്രി തുറക്കും.









0 comments