'രാജവാഴ്ച പുനസ്ഥാപിക്കണം'; നേപ്പാളിൽ കലാപം: മൂന്നിടത്ത് കർഫ്യൂ

nepal
വെബ് ഡെസ്ക്

Published on Mar 28, 2025, 05:24 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിൽ കലാപത്തെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ടിങ്കുണെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാജവാഴ്ചയും ഹിന്ദു രാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേപ്പാളിൽ കലാപം നടക്കുന്നത്.


കാഠ്മണ്ഡുവിൽ രാജവാഴ്ച അനുകൂല പ്രവർത്തകരും സുരക്ഷാ സേനയും ഏറ്റുമുട്ടി. നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഒന്നിലധികം തവണ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഏറ്റുമുട്ടലിനെ തുടർന്ന് നിരവധി വീടുകൾക്കും കെട്ടിടങ്ങളും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സംഘർഷത്തിനിടെ ഒരു ബിസിനസ് സമുച്ചയം, ഷോപ്പിംഗ് മാൾ, രാഷ്ട്രീയ പാർട്ടി ആസ്ഥാനം, മാധ്യമ സ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് പ്രതിഷേധക്കാർ തീവച്ചു. പന്ത്രണ്ടിലധികം പൊലീസുകാർക്ക് പരിക്കേറ്റു. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും (ആർ‌പി‌പി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. കാഠ്മണ്ഡുവിലുടനീളം നൂറുകണക്കിന് സുരക്ഷാ സേന ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


2008-ൽ പാർലമെന്ററി പ്രഖ്യാപനത്തിലൂടെ 240 വർഷം നീണ്ട രാജവാഴ്ച നേപ്പാളിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഒരു മതേതര, ഫെഡറൽ, ജനാധിപത്യ റിപ്പബ്ലിക്കായി നേപ്പാൾ മാറി. ഫെബ്രുവരി 19-ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മുൻ രാജാവ് പൊതുജന പിന്തുണ അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് രാജവാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള ആഹ്വാനങ്ങൾ വീണ്ടും ഉയർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home