കാണാതായ ഇന്ത്യൻ വിദ്യാർഥിനിയുടെ വസ്ത്രങ്ങൾ ബീച്ചിൽ കണ്ടെത്തി; ദുരൂഹതയെന്ന് മാതാപിതാക്കൾ

പെൻസിൽവാനിയ : പത്തു ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ ഡൈമിനിക്കൻ ബീച്ചിൽ നിന്ന് കണ്ടെത്തി. പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ സുധിക്ഷ കൊനാൻകിയെയാണ് മാർച്ച് ആറിന് കാണാതായത്. സുഹൃത്തുക്കളുമായി കരീബിയൻ ദ്വീപുകളിലേക്ക് യാത്രയ്ക്കെത്തിയതായിരുന്നു സുധിക്ഷ. ബീച്ചിലുള്ള കസേരകളിലൊന്നിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്.
സുഹൃത്തുക്കളുമൊത്ത് ബീച്ചിലെത്തിയ സുധിക്ഷ പിന്നീട് കോളേജിലെ സീനിയറായ വിദ്യാർഥി ജോഷ്വയ്ക്കൊപ്പം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുധിക്ഷയെ ജോഷ്വയ്ക്കൊപ്പം വിട്ടിട്ട് തിരികെ വരികയായിരുന്നുവെന്ന് മറ്റു വിദ്യാർഥികൾ പറഞ്ഞു. ഒരു യുവാവിനൊപ്പം നടക്കുന്ന സുധിക്ഷയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് സുധിക്ഷയെ കാണാതാവുകയായിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുധിക്ഷയുടെ മാതാപിതാക്കൾ പറഞ്ഞു. സുധിക്ഷയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. സുധിക്ഷ തന്റെ ഫോണും ബാഗും സുഹൃത്തുക്കളെ ഏൽപ്പിച്ചിട്ടാണ് ബീച്ചിലേക്ക് പോയത്. എന്നാൽ ഇതിലും ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കൾ പറയുന്നത്.
0 comments