‘കൂടിയാലോചനയാകാം, കീഴ്‌പ്പെടുത്താൻ വരേണ്ട’; ട്രംപിനോട്‌ ക്ലോഡിയ ഷീൻബാം

claudia sheinbaum and trump
വെബ് ഡെസ്ക്

Published on Feb 03, 2025, 09:50 AM | 1 min read

മെക്സിക്കോ സിറ്റി: അധിക തീരുവ ചുമത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ ശക്തമായ വിമർശവുമായി മെക്സിക്കോ പ്രസിഡന്റ്‌ ക്ലോഡിയ ഷീൻബാം. ‘മെക്സിക്കോ ഒരു രാജ്യവുമായും ഏറ്റുമുട്ടലിനില്ല. ഏത്‌ വിഷയത്തിലും കൂടിയാലോചനയാകാം. എന്നാൽ, കീഴ്‌പ്പെടുത്താൻ നോക്കേണ്ട’–- ക്ലോഡിയ സമൂഹമാധ്യമത്തിൽ കുറിച്ചു.


അധിക നികുതി ചുമത്തി മെക്സിക്കോയെ സമ്മർദത്തിലാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ അവർ മുമ്പും രംഗത്തുവന്നിരുന്നു. തന്റെ സർക്കാരിന്‌ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ട്രംപിന്റെ പ്രസ്താവന അപവാദ പ്രചാരണമാണെന്നും പറഞ്ഞു. ഏതെങ്കിലുമൊരു രാജ്യത്ത്‌ അത്തരംബന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ അത്‌ അമേരിക്കയിലാണ്‌. അമേരിക്കയുടെ പ്രധാന നഗരങ്ങളിൽപ്പോലും അമിത ലഹരി ഉപയോഗവും കച്ചവടവും കള്ളപ്പണം വെളുപ്പിക്കലും അനുസ്യൂതം നടക്കുന്നു– അവർ ചൂണ്ടിക്കാട്ടി.


അമേരിക്കയുടെ സുവർണകാലമാണ്‌ ട്രംപിന്റെ ലക്ഷ്യമെങ്കിൽ, കാനഡയെ ശിക്ഷിക്കുകയല്ല, ചേർത്തുനിർത്തുകയാണ്‌ വേണ്ടതെന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞു. ഏറ്റവുമൊടുവിൽ കലിഫോർണിയ കാട്ടുതീ വരെ, അമേരിക്കയുടെ ഇരുണ്ട നാളുകളിൽ കാനഡ ഒപ്പം നിന്നിട്ടുണ്ടെന്നും ഒട്ടാവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അമേരിക്കൻ ജനതയെ ഓർമിപ്പിച്ചു. കാനഡയിലെ ജനങ്ങൾക്കും അവരുടെ തൊഴിൽസുരക്ഷയ്ക്കും വേണ്ടി സർക്കാർ നിലകൊള്ളുമെന്നും വ്യക്തമാക്കി. തുല്യതയിലും പരസ്പര വിശ്വാസത്തിലും ഇരുരാജ്യങ്ങളുടെയും നേട്ടത്തിൽ ഊന്നിയുള്ള ചർച്ചകൾക്ക്‌ അമേരിക്ക തയ്യാറാകണമെന്ന്‌ ചൈന ആവശ്യപ്പെട്ടു. അധിക തീരുവ ചുമത്തുന്നത്‌ ലഹരിമരുന്ന്‌ നിയന്ത്രണവുമായി ബന്ധപ്പെട്ട ഭാവി സഹകരണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home