ന്യൂയോർക്ക് ബ്രൂക്ക്ലിൻ പാലത്തിലേക്ക് കപ്പൽ ഇടിച്ചുകയറി; രണ്ട് മരണം

photo credit: X
ന്യൂയോർക്ക് : ന്യൂയോർക്കിലെ പ്രശസ്തമായ ബ്രൂക്ക്ലിൻ പാലത്തിലേക്ക് കപ്പൽ ഇടിച്ചുകയറി അപകടം. മെക്സിക്കൻ നേവിയുടെ കപ്പലാണ് പാലത്തിലേക്ക് ഇടിച്ചുകയറിയത്. ന്യൂയോർക്കിൽ നടന്ന ടൂർ പ്രൊമോഷനിടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ടുപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 277 പേരുമായി പോയ മെക്‌സിക്കൻ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തിൽപ്പെട്ടത്.
കപ്പലിലെ രണ്ട് കൊടിമരങ്ങളുടെ മുകൾഭാഗം പാലത്തിന്റെ സ്പാനിൽ ഇടിച്ചുകയറി ഭാഗികമായി തകരുകയായിരുന്നു. ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റ് പ്രസ് ഡെസ്‌ക്, ഉദ്യോഗസ്ഥർ സംഭവം സ്ഥിരീകരിച്ചെങ്കിലും കപ്പലിലും പാലത്തിലും എത്ര ആളുകൾ ഉണ്ടായിരുന്നുവെന്നതിനെപ്പറ്റിയും എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നതിനെപ്പറ്റിയും പ്രതികരിച്ചിട്ടില്ല. എന്നാൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് അപകടത്തിൽ 2 പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായും എക്സിൽ കുറിച്ചു.
കപ്പൽ പാലത്തിലിടിച്ച് തകരുന്നതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നു. കൊടിമരങ്ങൾ പാലത്തിന്റെ സ്പാനിൽ ഇടിക്കുന്നതും തുടർന്ന് തകർന്ന് ഡെക്കിലേക്ക് മറിഞ്ഞു വീഴുന്നതും വീഡിയോയിൽ കാണാം. സംഭവസമയത്ത് പാലത്തിൽ നിരവധി ജനങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടാണ് അപകടം. ന്യൂയോർക്ക് ഹാർബറിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. പാലത്തിന് കാര്യമായ കേടുപാടില്ലെന്നാണ് പ്രാഥമിക വിവരം. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പഴക്കമേറിയ പാലങ്ങളിൽ ഒന്നാണ് ബ്രൂക്ക്ലിൻ പാലം.
0 comments