പെൻഷൻ തട്ടിപ്പിന് ആൾമാറാട്ടം; മരിച്ച അമ്മയായി വേഷമിട്ട് മകൻ കഴിഞ്ഞത് മൂന്നുവർഷം

മരിച്ച ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ, അമ്മയുടെ വേഷം ധരിച്ച മകൻ
റോം: മരിച്ചുപോയ അമ്മയുടെ പെൻഷൻ മുടങ്ങാതെ ലഭിക്കാൻ മകൻ അമ്മയായി വേഷമിട്ട് ജീവിച്ചത് മൂന്നു വർഷം. ഇറ്റലിയിലാണ് സംഭവം. അമ്മ മരിച്ചതോടെ പെൻഷൻ കൈക്കലാക്കനാണ് തൊഴിൽ രഹിതനായ 56കാരൻ ആൾമാറാട്ടം നടത്തിയത്. അമ്മയുടെ പെൻഷനും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോയും വഴി മകന് ഏകദേശം 50 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിച്ചെന്നാണ് കണക്ക്.
2022 ലാണ് 82കാരിയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ മരിച്ചത്. എന്നാൽ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ മകൻ മൃതദേഹം കുടുംബ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് അമ്മയെപ്പോലെ മേക്കപ്പ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സൂക്ഷ്മമായി ചെയ്ത് വേഷം മാറിയ ഇയാൾ പെൻഷൻ തുക തുടർന്നും കൈപ്പറ്റി.
തിരിച്ചറിൽ കാർഡ് പുതുക്കാൻ ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ മകൻ അമ്മയുടെ വേഷത്തിലെത്തി. സർക്കാർ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് മൂന്നു വർഷം തുടർന്ന നാടകം പൊളിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.









0 comments