പുകവലി നിരോധിക്കാൻ ഒരുങ്ങി മാലദ്വീപ്; പുതിയ നിയമം വിനോദസഞ്ചാരികൾക്കും ബാധകം

മാലെ: മാലദ്വീപിൽ പുകവലി നിരോധിക്കാൻ പോകുന്നു. ഘട്ടം ഘട്ടമായി പുകവലി നിരോധിക്കാനാണ് രാജ്യത്തിന്റെ പദ്ധതി. അതിന്റെ ആദ്യപടിയായി, ഈ വർഷം നവംബർ മുതൽ 19 വയസിന് താഴെയുള്ളവർ സിഗരറ്റ് വാങ്ങുന്നത് നിയമവിരുദ്ധമാക്കും.
നിർദ്ദിഷ്ട നിയമം അനുസരിച്ച്, 2007 ജനുവരിയ്ക്ക് ശേഷം ജനിച്ച വ്യക്തികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമായിരിക്കും. ഇതുവഴി ഭാവി തലമുറ പുകവലിക്കുന്നത് ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
"പുതിയ നിയമം 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും," ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിഡന്റ് മൊഹമ്മദ് മൊയിസുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ നിയമം ലംഘിച്ചാലുള്ള ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള പുകയില നിയന്ത്രണ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2024 നവംബറിൽ മാലിദ്വീപുകൾ പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തുകയും ഇ-സിഗരറ്റുകളുടെയും വാപ്പിംഗ് ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കുകയും ചെയ്തു. ഈ നയം വിനോദസഞ്ചാരികൾക്കും ബാധകമാണ്.
പുകവലിക്കെതിരെ നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യം ന്യൂസിലാൻഡാണ്. എന്നാൽ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ അതായത് 2023ൽ നിയമം റദ്ദാക്കി. ബ്രിട്ടനിലും സമാനമായ പുകവലി നിരോധന നിയമമുണ്ട്.









0 comments