ശ്രീലങ്കയിൽ തദ്ദേശ കൗൺസിൽ തെരഞ്ഞെടുപ്പ്; പോളിംഗ് തുടങ്ങി

കൊളംബോ: ശ്രീലങ്കയിലെ തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 4ന് അവസാനിക്കും. 339 കൗൺസിലുകളിലേക്കായി 8,287 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 13,759 പോളിംഗ് സ്റ്റേഷനുകളിലായി 17.1 ദശലക്ഷത്തിലധികം വോട്ടർമാരാണുള്ളത്.
49 രാഷ്ട്രീയ പാർടികളിൽ നിന്നും 257 സ്വതന്ത്ര ഗ്രൂപ്പുകളിൽ നിന്നുമായി 75,000ത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളെ 4 വർഷത്തെ കാലാവധിയിലേക്കാണ് നിയമിക്കുക.
2018 ലാണ് രാജ്യത്ത് അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം 2022-ലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 2023-ൽ രണ്ടുതവണ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റിവെയ്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കാരണം അന്നത്തെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ തെരഞ്ഞെടുപ്പ് കമീഷന് സാമ്പത്തിക സഹായം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിൽ ഹർജി നൽകി. എന്നാൽ വോട്ടെടുപ്പ് നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
2024 ലെ അവസാനത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അനുര കുമാര ദിസനായകേയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ തെരഞ്ഞെടുപ്പാണിത്. ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവറിന് (എൻപിപി) തെരഞ്ഞെടുപ്പ് നിർണായകമാണ്.









0 comments