ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി; ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ 'ലാറ്റം ജിപിടി' ഉടൻ പുറത്തിറങ്ങും

സാൻ്റിയാഗോ: ആഗോള സാങ്കേതിക മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് തനത് എഐ മോഡൽ പുറത്തിറക്കാനൊരുങ്ങി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വലിയ ഭാഷാ മോഡൽ ആയ 'ലാറ്റം ജിപിടി' ആണ് പുറത്തിറങ്ങുന്നത്.
ലാറ്റിനമേരിക്കയുടെ സാംസ്കാരികവും സാങ്കേതികവുമായ പരമാധികാരം ഉറപ്പാക്കാനുള്ള നിർണായക ചുവടുവയ്പ്പയാണ് ഈ സംരംഭത്തെ കാണുന്നത്. ചിലിയിലെ നാഷണൽ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ നേതൃത്വത്തിൽ, മെക്സിക്കോ മുതൽ ചിലി വരെയുള്ള 12 രാജ്യങ്ങളിലെ 30-ലധികം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ഓപ്പൺ സോഴ്‌സ് എഐ മോഡലിന്റെ നിർമ്മാണം.
നിലവിലുള്ള ചാറ്റ്‌ജിപിടി, ജെമിനി പോലുള്ള എഐ മോഡലുകൾ പ്രധാനമായും ഇംഗ്ലീഷ് ഡാറ്റയിൽ പരിശീലനം നേടിയവയാണ്. ഇത് ലാറ്റിനമേരിക്കൻ സംസ്കാരത്തെയും പ്രാദേശിക സംഭാഷണ രീതികളെയും പലപ്പോഴും തെറ്റായി മനസ്സിലാക്കുന്നു. ഈ വെല്ലുവിളി മറികടക്കാൻ ലാറ്റം ജിപിടി മേഖലയിലെ ഭാഷകൾ, ചരിത്രം, തനത് സാംസ്കാരിക പശ്ചാത്തലം എന്നിവയിൽ പരിശീലനം നേടും.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന റപ്പാ നുയി പോലുള്ള പ്രാദേശിക ഭാഷകൾക്ക് വേണ്ടി വിവർത്തന സംവിധാനം ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ഈ എഐ മോഡലിൽ ഉണ്ടാകും. ഒരു ഓപ്പൺ സോഴ്‌സ് മോഡൽ ആയതിനാൽ ലാറ്റം ജിപിടി സൗജന്യമായി ലഭ്യമാകും. ഇത് വിദ്യാഭ്യാസം, പൊതുസേവനം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം ജനാധിപത്യവൽക്കരിക്കാൻ സഹായിക്കും.
നിലവിൽ ജിപിടി-3.5-ന് തുല്യമായ ശേഷിയുള്ള 50 ബില്യൺ പാരാമീറ്റർ മോഡലായിട്ടാണ് ലാറ്റം ജിപിടിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. പ്രാദേശിക ഡാറ്റയുടെ ലഭ്യത ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വെല്ലുവിളികൾ നിലവിലുണ്ടെങ്കിലും ലാറ്റം ജിപിടിയുടെ വരവ് ആഗോള എഐ വികസനത്തിലെ ഒരു പുതിയ പ്രാദേശിക യുഗത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തൽ.









0 comments