അവസാന നാളിലെ യാത്ര 
ഇലക്‌ട്രിക്‌ പോപ്പ്മൊബീലിൽ

pope francis
avatar
ഫെബിൻ ജോഷി

Published on Apr 27, 2025, 12:00 AM | 1 min read

ആലപ്പുഴ: ഭൂമിക്കായി പെട്രോളിയം ഇന്ധന ഉപയോഗം പരിമിതപ്പെടുത്താൻ ചാക്രിക ലേഖനത്തിലൂടെ ആഹ്വാനംചെയ്‌ത ഫ്രാൻസിസ്‌ മാർപാപ്പ അവസാനം വിശ്വാസികൾക്ക്‌ മുന്നിലെത്തിയതും അതേസന്ദേശം മുറുകെപ്പിടിച്ച്‌. ചരിത്രത്തിലെ ആദ്യ ഇലക്‌ട്രിക്‌ പോപ്പ്മൊബീലായിരുന്നു ഈസ്റ്റർ ദിനത്തിൽ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിലെ പതിനായിരക്കണക്കിന്‌ വിശ്വാസികൾക്കിടയിലൂടെ എത്തിയത്‌. ആശുപത്രിവാസത്തിന്‌ ശേഷം സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും യാത്രയായിരുന്നു അത്.


ജർമൻ വാഹന നിർമാതാക്കളായ മെഴ്‌സിഡിസ്‌ ബെൻസാണ്‌ ഇലക്‌ട്രിക്‌ പോപ്പ്‌മൊബീൽ എന്ന ഫ്രാൻസിസ്‌ മാർപാപ്പയുടെ ആഗ്രഹം സാധ്യമാക്കിയത്‌. ഒരുവർഷത്തോളം സമയമെടുത്താണ്‌ നിർമാണം പൂർത്തിയാക്കിയത്‌. ഡിസംബറിൽ മാർപാപ്പക്ക്‌ വാഹനം സമ്മാനിച്ചു. പൊതുജനങ്ങളെ കാണാനും ആഭിവാദ്യം ചെയ്യാനുമായി മാർപാപ്പമാർക്കായി പ്രത്യേകം രൂപകൽപന ചെയ്ത വാഹനമാണ് പോപ്പ്‌ മൊബീൽ. ‘വത്തിക്കാൻ സിറ്റി സ്‌റ്റേറ്റ്‌ വൺ’ എന്ന നമ്പർ വാഹനങ്ങളിലാണ്‌ മാർപാപ്പ സഞ്ചരിക്കുന്നത്‌.


പരിസ്ഥിതി പ്രധാന വിഷയങ്ങളിലൊന്നാക്കിക്കൊണ്ടുള്ള മാർപാപ്പയുടെ നിർദേശത്തിന്റെ ഫലമാണ്‌ ഇലക്ട്രിക് പോപ്പ്മൊബൈലിലേക്കുള്ള മാറ്റം. 2030 ഓടെ പൂർണമായും വാഹനങ്ങളെ വൈദ്യുതിയിലേക്ക്‌ മാറ്റുന്നതിനുള്ള പദ്ധതി 2023ൽ വത്തിക്കാൻ പ്രഖ്യാപിച്ചിരുന്നു. 2015-ൽ പ്രസിദ്ധീകരിച്ച ‘ലൗദേത്തോസി’ എന്ന ചാക്രികലേഖനത്തിലാണ്‌ ഭൂമിയെ പൊതുഭവനമായി പരിഗണിച്ച്‌ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരുമിച്ച്‌ നീങ്ങാൻ അടിയന്തര ആഹ്വാനം നടത്തിയത്‌. 2023-ൽ ചരിത്രപ്രധാനമായ പ്രബന്ധം പുതുക്കി.



deshabhimani section

Related News

View More
0 comments
Sort by

Home