കിം ജോങ് ഉൻ ലോക നേതാക്കളോടൊപ്പം ചൈനയിലേക്ക്, ആഗോള സഖ്യങ്ങളിൽ മാറ്റത്തിന്റെ ചൂട്


സ്വന്തം ലേഖകൻ
Published on Sep 01, 2025, 03:59 PM | 3 min read
ചൈനയിൽ നടക്കുന്ന സൈനിക പരേഡിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുക്കും. ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ തലവൻമാർ ഒരുമിച്ചു പങ്കെടുക്കുന്ന ആദ്യ ചടങ്ങായി ഇത് മാറും.
സഖ്യസേനയ്ക്ക് ജപ്പാൻ ഔപചാരികമായി കീഴടങ്ങിയതിന്റെ 80 ാം വാഷികത്തിന്റെ ഭാഗമായാണ് ചൈനയുടെ സെപ്റ്റംബർ 3 ലെ കൂറ്റൻ സൈനിക പരേഡ്. ഈ ദിനത്തിനം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഷാങ്ഹായ് സമ്മേളനത്തിന് തൊട്ടാണ് വാർഷക പരേഡും സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ എന്നിവർ ആദ്യമായി ഒരേ വേദിയിൽ പ്രത്യക്ഷപ്പെടും.
2019 ന് ശേഷം കിമ്മിന്റെ ആദ്യത്തെ ചൈന സന്ദർശനമാണിത്. 2018 നും 2019 നും ഇടയിൽ അദ്ദേഹവും ചൈനീസ് നേതാവ് ഷി ജിൻപിങ്ങും അഞ്ച് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
സൈനിക പരേഡിൽ ഇറാൻ, ക്യൂബ, ബെലാറസ്, സെർബിയ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഉൾപ്പെടെ 26 നേതാക്കളുടെ പട്ടിക ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. കസാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക കൂടാതെ മ്യാൻമറിന്റെ സൈനിക ഭരണകൂട മേധാവി മിൻ ഓങ് ഹ്ലൈങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നായി വാർത്തകളുണ്ട്.
ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ പരേഡിൽ പങ്കെടുക്കുന്നില്ല. എങ്കിലും സർക്കാരിനെ പ്രതിനിധീകരിച്ച് പാർലമെന്ററി സ്പീക്കർ വൂ വോൺ-ഷിക് എത്തുന്നുണ്ട്. പട്ടികയിലുള്ള ഏക നാറ്റോ അംഗം സ്ലൊവാക്യ മാത്രമാണ്.

മാറ്റങ്ങളും പ്രക്ഷുബ്ധതയും നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗങ്ങളും സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളും എന്ന നിലയിൽ ചൈനയും റഷ്യയും ഐക്യരാഷ്ട്രസഭയുടെ അധികാരവും അന്താരാഷ്ട്ര നീതിയും ഉയർത്തിപ്പിടിക്കുന്നത് തുടരും എന്നാണ് ചൈനയുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹോങ് ലീ ഈ സന്ദർഭത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.
യാത്ര മിസൈൽ കേന്ദ്രം സന്ദർശിച്ച ശേഷം
രാജ്യത്ത് പുതുതായി ഉദ്ഘാടനം ചെയ്ത മിസൈൽ നിര്‍മ്മാണകേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് കിം ജോങ് ഉന്‍ പ്യോങ്‌യാങ്ങിൽ നിന്ന് ചൈനയിലേക്ക് പുറപ്പെടുന്നത്. ഉത്തര കൊറിയ സായുധ സേനയെ നവീകരിക്കുകയും ആയുധങ്ങൾ വികസിപ്പിക്കുകയും ചെയ്തു. അമേരിക്കയിൽ എവിടെയും എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതും ഇതിനിടെ വാർത്തായായിരുന്നു.
യുക്രൈന്‍ യുദ്ധത്തിൽ റഷ്യയ്‌ക്കൊപ്പം പോരാടുന്നതിനായി സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരകൊറിയൻ സൈനികർ ഡ്രോൺ യുദ്ധത്തിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. സംഘർഷത്തിൽ തങ്ങളുടെ പങ്ക് ഏപ്രിലിൽ മാത്രമാണ് ഉത്തരകൊറിയ അംഗീകരിച്ചത്. തങ്ങളുടെ സൈനികരിൽ ചിലർ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചു.
ഉക്രെയ്‌നിനെതിരെ റഷ്യയ്ക്കുവേണ്ടി പോരാടി കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെയും ചൈനയിലേക്ക് പുറപ്പെടുന്നതിന് മുൻപ് കിം ജോങ് ഉൻ സന്ദർശിച്ചു.
ട്രംപിന്റെ ശ്രമങ്ങൾക്കിടെ
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ തങ്ങളുടെ ആണവ പദ്ധതി തുടരുന്നതിലെ പ്രതിജ്ഞാബദ്ധത കിം ഉൻ ആവർത്തിക്കയുണ്ടായി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം ലംഘിച്ച് വികസിപ്പിച്ച ആണവായുധ ഘടകങ്ങളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെയും പേരിൽ ഉത്തരകൊറിയ കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുകയാണ്.
പുതിയ അടുപ്പങ്ങൾ
റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സാമ്പത്തിക, സൈനിക രാഷ്ട്രീയ പിന്തുണ ഉപരോധങ്ങൾ മറികടക്കാൻ ഉത്തര കൊറിയയെ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു. എന്നാൽ യുഎസും സഖ്യകക്ഷികളും നടത്തിയതുപോലെ ചൈനയും റഷ്യയും ഉത്തരകൊറിയയും ഇതുവരെ ത്രികക്ഷി സൈനികാഭ്യാസങ്ങൾ നടത്തിയിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് കിം പുടിനെ ജന്മദിന സന്ദേശങ്ങൾ അയച്ചത് ലോക രാഷ്ട്രീയത്തിൽ കൌതുമായിരുന്നു. അതേ മാസം തന്നെ, കിമ്മുമായി ഉണ്ടാക്കിയ ഒരു സൈനിക ഉടമ്പടി അംഗീകരിക്കുന്നതിനുള്ള ബിൽ പുടിൻ അവതരിപ്പിച്ചു. ഇരു രാജ്യങ്ങൾക്കുമെതിരെ ആക്രമണം ഉണ്ടായാൽ റഷ്യയും ഉത്തരകൊറിയയും പരസ്പരം സഹായിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു ബില്ല്.
ഉത്തരകൊറിയയ്ക്ക് ഏകദേശം 1.28 ദശലക്ഷം സജീവ സൈനികർ ഉണ്ടായിരിക്കാം എന്നാണ് കണക്കാക്കുന്നത്. ഉക്രെയിനിൽ വിന്യസിക്കുന്നതുവരെ അവരുടെ സൈന്യത്തിന് വിദേശത്ത് യുദ്ധ പ്രവർത്തനങ്ങളിൽ സമീപകാല പരിചങ്ങൾ ഇല്ലായിരുന്നു. 600 പേർ എങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
പാഴായ ചർച്ചകൾ
2018 ൽ കിം അന്താരാഷ്ട്ര നയതന്ത്ര രംഗങ്ങളിൽ ഏറ്റവും വാർത്തകൾ സൃഷ്ടിച്ച ഒരു കൂടികാഴ്ചയ്ക്ക് തുടക്കമിട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും പിന്നീട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇന്നുമായും പലതവണ നേരിൽ കണ്ട് ചർച്ചകൾക്ക് സന്നദ്ധമായി.
എന്നാൽ 2019-ൽ വിയറ്റ്നാമിലെ ഹനോയിയിൽ ട്രംപുമായുള്ള ഒരു ഉച്ചകോടി പരാജയപ്പെട്ടു. ഇതോടെ അദ്ദേഹം ആഗോള നയതന്ത്രത്തിനുള്ള രംഗത്ത് നിന്ന് പിന്മാറി. 2023-ൽ പുടിനുമായി ചർച്ച തുടർന്നു.
ചൈനയോട് അടുക്കുമ്പോൾ
ഈ വർഷം അവസാനം ഒരു പ്രധാന ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ദക്ഷിണ കൊറിയ സന്ദർശിക്കുന്നുണ്ട്. പുതിയ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായുള്ള ഉഭയ കക്ഷി ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലും കിമ്മിന്റെ ചൈന യാത്ര ചർച്ചകളിൽ നിറയുന്നു. ദക്ഷിണ കൊറിയ ബന്ധത്തിൽ പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ സൂചനയായിരിക്കാം യാത്ര എന്ന് വിലയിരുത്തുന്നവരും ഉണ്ട്. മൂന്ന് തവണ കിമ്മിനെ കണ്ടുമുട്ടുകയും ഒരിക്കൽ "പ്രണയത്തിലായി" എന്ന് പറയുകയും ചെയ്ത ട്രംപ്, അദ്ദേഹത്തെ വീണ്ടും കാണുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയ വിഷയത്തിൽ കിം പിന്നീട് ഉറച്ച നിലപാട് തുടർന്നു.
ഒക്ടോബറിൽ ഉത്തര കൊറിയയിൽ നടക്കുന്ന ഒരു പ്രധാന വാർഷികത്തിലേക്ക് ഷി ജിൻ പിങിനെ എത്തിക്കുക എന്നതും കിം ലക്ഷ്യം വെക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ മാത്രമായി ഈ കൂടിച്ചേരൽ അവസാനിക്കുന്നില്ല. ഷാങ്‌ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഒത്തു ചേരൽ വാർഷിക ദിനത്തോട് ഒരുമിച്ച് വന്നത് യാദൃശ്ചികവുമല്ല എന്നും വിലയിരുത്തലുകളുണ്ട് .









0 comments