റെഗ്ഗെ സംഗീതകാരൻ ജിമ്മി ക്ലിഫ് വിടവാങ്ങി

റെഗ്ഗെ സംഗീതത്തെ ജനപ്രിയമാക്കിയ തലമുറയിലെ പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് 81-ാം വയസ്സിൽ അന്തരിച്ചു. ക്ലിഫിന്റെ ഭാര്യ ലത്തീഫ ചേമ്പേഴ്‌സ് ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
1960-കൾ മുതൽ റെഗ്ഗെ താരമായിരുന്ന അദ്ദേഹം വണ്ടർഫുൾ വേൾഡ്, ബ്യൂട്ടിഫുൾ പീപ്പിൾ, യു ക്യാൻ ഗെറ്റ് ഇറ്റ് ഇഫ് യു റിയലി വാണ്ട് തുടങ്ങിയ ഹിറ്റുകളിലൂടെ ജമൈക്കയുടെ ശബ്ദം ലോക സംഗീത രംഗത്തേക്ക് എത്തിച്ചു. റെഗ്ഗെയെ അന്താരാഷ്ട്ര വേദിയിലേക്ക് ഉയർത്തി.
1944-ൽ ജെയിംസ് ചേംബേഴ്സിൽ ജനിച്ച ക്ലിഫ് കടുത്ത ദാരിദ്ര്യത്തിൽ, കുടുംബത്തിൽ ഒമ്പത് കുട്ടികളിൽ എട്ടാമനായിന്നു. മധുരവും മൃദുലവുമായ ശബ്ദം കാരണം ആറാം വയസ്സിൽ പ്രാദേശിക പള്ളിയിൽ പാടാൻ അവസരം ലഭിച്ചു.
സ്ക പയനിയർ ഡെറിക് മോർഗനെ റേഡിയോയിൽ കേട്ടതിൽ പ്രചോദിതനായി സ്വന്തമായി ഗാനങ്ങൾ എഴുതാൻ തുടങ്ങി. മരപ്പണി പഠിപ്പിക്കുന്ന അധ്യാപകനാണ് ആദ്യമായി പാട്ട് വിലയിരുത്തിയത്. പിന്നീട് മുളകൊണ്ട് ഗിറ്റാർ ഉണ്ടാക്കി പാടിത്തുടങ്ങി.
പതിയെ അവസരങ്ങൾ വന്നതോടെ 1965-ൽ, ഐലൻഡ് റെക്കോർഡ്സുമായി പ്രവർത്തിക്കാൻ അദ്ദേഹം ലണ്ടനിലേക്ക് താമസം മാറി.
1969- എഴുതിയ സിംഗിൾ വണ്ടർഫുൾ വേൾഡ്- ബ്യൂട്ടിഫുൾ പീപ്പിൾ - എന്ന ഗാനത്തെ ബോബ് ഡിലൻ "ഇതുവരെ എഴുതിയതിൽ വച്ച് ഏറ്റവും മികച്ച പ്രതിഷേധ ഗാനം" എന്ന് വിശേഷിപ്പിച്ചിരുന്നു.
യുദ്ധ രംഗത്തു നിന്ന് അമ്മയ്ക്ക് എഴുതുന്ന ഒരു യുവ സൈനികന്റെ കഥയാണ് ഇതിലെ വരികൾ. തന്റെ അമ്മയോട് താൻ ഉടൻ വീട്ടിലെത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. അടുത്ത ദിവസം തന്റെ മരണത്തെക്കുറിച്ച് അവളെ അറിയിക്കുന്ന ഒരു ടെലിഗ്രാം എത്തുന്നു. പാട്ടിനെ പോരാട്ടത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും തീപ്പന്തമാക്കി. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തി.
ഗ്രാമി അവാർഡ് നേടിയ ആൽബങ്ങളായ ക്ലിഫ് ഹാംഗർ (1985), റീബർത്ത് (2012) എന്നിവ അദ്ദേഹത്തിന്റെ ആൽബങ്ങളിൽ ഉൾപ്പെടുന്നു.









0 comments