ഗാസയിൽ അഭയാർഥി ക്യാമ്പിലടക്കം ഇസ്രയേൽ ആക്രമണം: 52 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി : ഗാസ മുനമ്പിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിനു നേരെയും ആക്രമണമുണ്ടായി. ഇവിടെയുള്ള 36 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആളുകൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുടെ വസ്തുക്കൾക്കും ഇസ്രയേൽ സേന തീയിട്ടു. സ്‌കൂളിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ വാദം. സ്കൂളിൽ നിന്ന് കണ്ടെടുത്ത ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ചിലാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചത്. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതുവരെയും ഹമാസ് നശിപ്പിക്കപ്പെടുന്നതുവരെയും യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പറഞ്ഞത്. 2 മാസത്തോളം ഭക്ഷണവും, മരുന്നും, ഇന്ധനവും മറ്റ് സാധനങ്ങളുമടങ്ങിയ മാനുഷിക സഹായങ്ങൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു.
ശേഷം കഴിഞ്ഞ ആഴ്ചയാണ് ഇസ്രയേൽ ഗാസയിലേക്ക് മാനുഷിക സഹായം കടത്തിവിടാൻ അനുവദിച്ചത്. ഇപ്പോൾ ലഭിക്കുന്ന സഹായം ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്നും ഗാസ ക്ഷാമത്തിലാണെന്നുമാണ് പ്രദേശത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ അറിയിക്കുന്നത്. ഭക്ഷ്യക്ഷാമംമൂലം പട്ടിണി പിടിമുറുക്കിയ ഗാസയുടെ 77 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ വംശഹത്യക്കെതിരെയും സമാനതകളില്ലാത്ത ക്രൂരതകൾക്കെതിരെയും ഐക്യരാഷ്‌ട്രസഭയും അന്താരാഷ്‌ട്ര സമൂഹവും അടിയന്തരമായി പ്രതികരിക്കണമെന്ന് പലസ്‌തീൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് അടിയന്തര സഹായങ്ങളുമായി എത്തുന്ന ട്രക്കുകൾ കടത്തിവിടുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നാമമാത്രമായ സഹായമാണ് ഗാസയിലെത്തിയത്. ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിച്ചതോടെ വാഹനങ്ങൾ അതിർത്തികടന്ന് ഗാസയിലെത്തുന്നതിന് തടസ്സം നേരിടുകയാണ്. ഇതോടെ ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവുംമൂലമുള്ള മരണങ്ങൾ കൂടി. ഞായറാഴ്‌ച നാലു വയസ്സുള്ള ഒരു കുട്ടികൂടി പോഷകാഹാരക്കുറവ് കാരണം മരിച്ചെന്ന് പലസ്‌തീൻ അധികൃതർ അറിയിച്ചു.









0 comments