ഇസ്രയേലി അതിക്രമങ്ങൾ തുറന്നുസമ്മതിച്ച് യുഎസ് റിപ്പോർട്ട്

വാഷിങ്‌ടൺ: ഗാസയിലെ വംശഹത്യക്കിടെയും അതിനു മുന്പും ഇസ്രയേൽ പലസ്തീൻകാർക്കുനേരെ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുസമ്മതിച്ച് അമേരിക്ക. സ്‌റ്റേറ്റ് ഡിപ്പാർട്‌മെന്റിന്റെ അതീവ രഹസ്യ റിപ്പോർട്ടിലെ വിവരങ്ങളാണ് ഒരു അമേരിക്കൻ മാധ്യമം പുറത്തുവിട്ടത്.
ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന വിദേശസൈന്യങ്ങൾക്ക് സൈനികസഹായം ലഭ്യമാക്കരുത് എന്ന് നിഷ്കർഷിക്കുന്ന ലീഹീ ആക്ട്‌സ് ലംഘിച്ചാണ് ഡോണൾഡ് ട്രംപ് സർക്കാർ ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ യുദ്ധോപകരണങ്ങൾ എത്തിച്ചുനൽകിയതെന്ന് ഇതോടെ വ്യക്തമായി.
2024 ഏപ്രിലിൽ വേൾഡ് സെൻട്രൽ കിച്ചനിലെ ഏഴുപേരെ വധിച്ചത്, 2024 ഫെബ്രുവരിയിൽ സഹായട്രക്കുകൾക്കരികിൽ കാത്തുനിന്ന നൂറിൽപ്പരം പലസ്തീൻകാരെ കൊന്നൊടുക്കിയത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2022ൽ വെസ്റ്റ്‌ബാങ്കിൽ ഇസ്രയേൽ സൈന്യം അമേരിക്കൻ പൗരനായ ഒമർ അസദിനെ കൊന്നതും ചൂണ്ടിക്കാട്ടുന്നു.
നിലവിലെ വെടിനിർത്തൽ കരാർ നിലവിൽവരുന്നതിന് വളരെമുന്പ് സ്‌റ്റേറ്റ് ഡിപാർട്മെന്റ് തയ്യാറാക്കിയ അതീവരഹസ്യ റിപ്പോർട്ടാണിത്. ഇസ്രയേൽ പലസ്തീൻകാർക്കുനേരെയും അമേരിക്കൻ പൗരർക്കുനേരെപോലും നടത്തിയ ഗുരുതര അതിക്രമങ്ങളെപ്പറ്റി അറിവുണ്ടായിട്ടും വംശഹത്യക്ക് സഹായമേകുകയായിരുന്നു ട്രംപ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നുമുള്ള ആവശ്യം അമേരിക്കൻ സൈന്യത്തിൽനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർതന്നെ ഉയർത്തുന്നു.









0 comments