തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിലേക്ക് വീണ്ടും ഹൂതി മിസൈലുകള്‍

photo credit: X
അനസ് യാസിന്‍
Published on Jul 03, 2025, 10:47 AM | 2 min read
മനാമ : ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ഇസ്രയേലിലെ മറ്റു മൂന്നിടങ്ങളെയും ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി സൈറണുകള്‍ മുഴങ്ങുകയും ആയിരക്കണക്കിന് പേര്‍ ബങ്കറുകളില്‍ അഭയം തേടുകയും ചെയ്തു. ചൊവ്വ രാത്രിയാണ് ഹൂതി ആക്രമണമുണ്ടായത്. ബെന്‍ഗുറിയോൻ ലക്ഷ്യമിട്ട് വിജയകരമായി ഹൈപ്പര്‍സോണിക് മിസൈലാക്രമണം നടത്തിയതായി ഹൂതി വക്താവ് യഹിയ സാരി ബുധനാഴ്ച രാവിലെ അല്‍ മാസിറ ടിവിയില്‍ പറഞ്ഞു.
യഫ, ആഷ്‌കലട്ടോണ്‍, ഐലാറ്റ് എന്നിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തിയതായി സാരി പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നിര്‍ത്തുന്നതുരെ ഇസ്രയേലിനെ ലക്ഷ്യമിടുന്നത് തുടരുമെന്നും ആവര്‍ത്തിച്ചു. യമനില്‍നിന്നും ഗാസയില്‍നിന്നും തൊടുത്തുവിട്ട മൂന്ന് മിസൈലുകള്‍ തടഞ്ഞതായി ഇസ്രയേല്‍ വ്യോമസേന അകാശപ്പെട്ടു. ജറുസലേം, ബെന്‍ ഗുരിയോണ്‍ വിമാനത്താവളം, മോഡിന്‍, റിഷോണ്‍ ലെസിയോണ്‍, ചില വെസ്റ്റ് ബാങ്ക് ജനവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. തുടര്‍ന്ന് ലക്ഷകണക്കിന് പേര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടിയതായി ഇസ്രയേല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ഗാസയില്‍നിന്ന് വന്ന രണ്ട് റോക്കറ്റുകളും തടഞ്ഞുവെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. ഗാസയില്‍ ഇസ്രയേലിന്റെ 20 മാസത്തെ അധിനിവേശ ആക്രമണത്തിനിടെ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണം അപൂര്‍വമാണ്. അതേസമയം, മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവിച്ചു. ഇറാനെ നേരിട്ടപോലെ ഹൂതികളെയും നേരിടുമെന്നും ഇസ്രയേലിനെതിരെ ഉയരുന്ന കൈ വെട്ടിക്കളയുമെന്നും കാറ്റ്‌സ് ഭീഷണി മുഴക്കി.
ബി 2 ബോംബര്‍മാര്‍ക്ക് ഒരുപക്ഷേ യമനും സന്ദേര്‍ശിക്കേണ്ടി വന്നേക്കാമെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി എക്‌സില്‍ കുറിച്ചു. മാര്‍ച്ച് 18ന് വെടിനിര്‍ത്തല്‍ അവസാനിക്കുകയും ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിക്കുകയും ചെയ്തതശേഷം മാത്രം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹുതികള്‍ 50ൽ അധികം ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും വിക്ഷേപിച്ചു. ഇതില്‍ പലതും ലക്ഷ്യം കാണുകയും ഇസ്രയേലില്‍ വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. മെയ് നാലിന് ബെന്‍-ഗുരിയോൻ വിമാനത്താവളത്തില്‍ റണ്‍വേയ്ക്കു സമീപം ഹൂതി ബാലിസ്റ്റിക് മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ വിദേശ വിമാനക്കമ്പനികള്‍ ഇതുവരെ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഹൂതി ആക്രമണം നടന്നു.









0 comments