ദിവസം 10 മണിക്കൂർ വെടിനിർത്താമെന്ന് ഇസ്രയേൽ

ഗാസ സിറ്റി: ഉപരോധത്തിലൂടെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യർ മരിച്ചുവീഴുന്നതിനെതിരായ പ്രതിഷേധം ലോകമെങ്ങും അലയടിക്കവേ, ഗാസയിലെ മൂന്ന് കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർവീതം ആക്രമണം നിർത്തിവയ്‌ക്കുമെന്ന് ഇസ്രയേൽ. ജനസാന്ദ്രതയേറിയ അൽ മവാസി, ദേർ അൽ ബലാ, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി എട്ട് വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിലെ പട്ടിണി മരണത്തിനെതിരെ അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെയാണ് നടപടി.
ആക്രമണത്തിന് താൽക്കാലിക ഇടവേള പ്രഖ്യാപിച്ചെങ്കിലും ഞായറാഴ്‌ചയും ഗാസയിൽ 53 പേർ കൊല്ലപ്പെട്ടു. ഇതിൽ 32 പേർ സഹായം കാത്തുനിന്നവരാണ്. ആറ് പേർ പട്ടിണിമൂലവും മരിച്ചു. പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 133 ആയി. ഗാസയിലേക്കുള്ള അതിർത്തികൾ ഇസ്രയേൽ അടച്ചതോടെയാണ് സഹായവുമായുള്ള വാഹനങ്ങളുടെ വരവ് തടസ്സപ്പെട്ടത്.
അതിനിടെ, കടൽമാർഗം ഗാസയിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പുറപ്പെട്ട ഹൻദല ഫ്രീഡം ഫ്ലോട്ടില്ല ബോട്ട് ഇസ്രയേൽ പിടിച്ചെടുത്തു.
കപ്പലിലുണ്ടായിരുന്ന 21 പേരെ ബന്ദികളാക്കിയതായുമാണ് റിപ്പോർട്ട്. ജോർദാനിൽനിന്നും യുഎഇയിൽനിന്നുമായി 25 ടൺ ഭക്ഷ്യവസ്‌തുക്കൾ ആകാശമാർഗം ഗാസയിൽ എത്തിച്ചിട്ടുണ്ട്.
ഗാസയിലെ മൂന്നിൽ ഒന്ന് ജനസംഖ്യയും പട്ടിണിയിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 59,821 ആയി.









0 comments