ഇറാൻ പ്രസിഡന്റിനെ വിഷവാതകം പ്രയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, രക്ഷപെട്ടത് തലനാരിഴയ്ക് എന്ന് റിപ്പോർട്ട്

ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയെ വധിച്ച രീതിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും കൊലപ്പെടുത്താൻ ഇസ്രായേൽ ശ്രമിച്ചതായി റിപ്പോർട്ട്. ജൂൺ പതിനാറിന് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റരുന്നതായും പറയുന്നു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട ഫാർസ് ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം ടെഹ്‌റാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കേന്ദ്രത്തിൽ നടക്കുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. കെട്ടിടത്തിന് നേർക്ക് ആറോളം മിസൈൽ പതിച്ചു. ആക്രണത്തിൽ പെസെഷ്കിയാനയുടെ കാലിന് പരിക്കേറ്റു. കെട്ടിടത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിയാത്ത വിധം ആസൂത്രണം ചെയ്ത ആക്രമണം വിജയമായിരുന്നു. അകത്തെ വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി.
എന്നാൽ ആക്രമണം മുൻകൂട്ടി കണ്ട് ഒരുക്കിയിരുന്ന എമർജൻസി പാതയിലൂടെ ഇറാൻ പ്രസിഡന്റ് ഉദ്യോഗസ്ഥർക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതായും റിപ്പോർട് പറയുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയെ വധിച്ച രീതിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഓക്സിജൻ നിരോധനം സൃഷ്ടിച്ച ശേഷം വിഷപ്രയോഗം നടത്തുകയായിരുന്നു ലക്ഷ്യം. ഇസ്രായേൽ തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന് ഇറാൻ പ്രസിഡന്റ് മുൻപ് ആരോപിച്ചിരുന്നു. തന്നെ വധിക്കാൻ അവർ ശ്രമം നടത്തിയെങ്കിലും ആ നീക്കം പരാജയപ്പെടുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെ വധിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലുന്നതിൽ നിന്ന് അമേരിക്കൻ, ഇസ്രായേൽ സൈന്യങ്ങളെ താൻ തടഞ്ഞുവെന്ന് യുദ്ധാനന്തരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഇസ്രായേൽ അറിയാത്തതുകൊണ്ടല്ല അദ്ദേഹത്തെ കൊലെപ്പെടുത്താതിരുന്നതെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു.
ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്
2024 സെപ്റ്റംബര്‍ 27-ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് സമാനമായ രീതിയിലാണ്. ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തുകയായിരുന്നു. ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളില്‍ നസ്രള്ളയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ പരിക്കുകളൊന്നും ഇല്ലായിരുന്നു. മിസൈല്‍ വീണുപൊട്ടി ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് നസ്രള്ള മരിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
യുദ്ധത്തിനിടെ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും വധിക്കാൻ ഇസ്രായേലിനായി. ഐആർസിജി കമാൻഡർ ഹൊസൈൻ സലാമി, ഇറാനിയൻ സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരി, ഐആർജിസി വ്യോമസേനാ കമാൻഡർ അമീർ അലി ഹാജിസാദെ, മറ്റ് മുതിർന്ന ഐആർജിസി വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവരും കൊല്ലപ്പെട്ടു.
ഇറാന് അകത്ത് തന്നെ ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്ന ചാരപ്രവർത്തനം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. വ്യാപകമായ പരിശോധനകളും അറസ്റ്റും ഇതിന്റെ ഭാഗമായി ഉണ്ടായി. ടെഹ്‌റാനും മറ്റ് നഗരങ്ങളും ആക്രമിച്ചാൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് "നിയമാനുസൃതവും ശക്തവുമായ മറുപടി" നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ കഴിഞ്ഞ ദിവസവും രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.









0 comments