ഗാസയില്‍ ശിശുരോദനം ; മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ടത് 200 കുഞ്ഞുങ്ങൾ

ഗാസ സിറ്റി : ഗാസയിൽ ഇസ്രയേൽ ശക്തമായി തുടരുന്ന ആക്രമണത്തിൽ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ടത് 200 കുഞ്ഞുങ്ങൾ. ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ച് ചൊവ്വാഴ്ച പുനരാരംഭിച്ച ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 506 പേര്‍. 909 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചമാത്രം പുലർച്ചെ മുതൽ തുടരുന്ന വ്യോമ, കരയാക്രമണങ്ങൾ 110 പേരുടെ ജീവനെടുത്തു.
തെക്കൻ ഗാസയെ വടക്കൻ മേഖലയിൽനിന്ന് വേർതിരിക്കുംവിധമാണ് ഇസ്രയേൽ സൈന്യത്തിന്റെ നീക്കമെന്ന് പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസിയുടെ കമീഷണർ ജനറൽ ഫിലിപ്പ് ലസാറിനി ചൂണ്ടിക്കാട്ടി. ഏജൻസിയുടെ നാല് ജീവനക്കാർകൂടി കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിലെ ജനങ്ങളോട് എത്രയുംവഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ബെയ്‌ത് ലാഹിയക്ക് സമീപം കരയാക്രമണം ശക്തമാക്കി. തെക്കൻ മേഖലയിൽനിന്നും വടക്കൻ ഗാസയിലേക്ക് ജനങ്ങളെ പ്രവേശിക്കാൻ അനുവദിക്കില്ല. ഇരു മേഖലയെയും തമ്മിൽ പിരിക്കുന്ന നെറ്റ്‌സരിം ഇടനാഴി സൈന്യം വീണ്ടും പിടിച്ചെടുത്തു. ജനുവരി 19ലെ വെടിനിർത്തൽ ധാരണയെ തുടർന്ന് സൈന്യം ഇവിടെനിന്ന് പിന്മാറിയിരുന്നു. കരയാക്രമണം വ്യാപിപ്പിച്ച് വടക്കൻ ഗാസയെ ഒറ്റപ്പെടുത്തിയത് ഇസ്രയേൽ വെടിനിർത്തൽ ധാരണയിൽനിന്ന് പൂർണമായും പിന്മാറിയതിന്റെ തെളിവാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. തെക്കൻ ഗാസയിലും ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ, ഗാസയിൽ ആക്രമണം പുനരാരംഭിക്കാൻ കാരണം ഹമാസാണെന്ന് അമേരിക്ക യു എൻ രക്ഷാസമിതിയിൽ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഉപരോധം അന്താരാരഷ്ട നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടൻ നിലപാടെടുത്തു.
കൽക്കൂമ്പാരത്തിൽ കൈക്കുഞ്ഞ്
ഇസ്രയേൽ ആക്രമണത്തിൽ ഖാൻ യൂനിസിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടെ തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് ഒരുമാസം പ്രായമുള്ള പെൺകുഞ്ഞിനെ. തകർന്നടിഞ്ഞ കെട്ടിടത്തിൽ തിരച്ചിൽ നടത്തിയവരാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കൽക്കൂമ്പാരങ്ങൾക്കിടയിൽ പരിക്കേറ്റ നിലയിലായിരുന്ന കുഞ്ഞ്. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ബന്ധുക്കളായ എട്ടുപേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് ശേഷിക്കുന്നത്.
ഖാൻ യൂനിസിൽ ടെന്റ് ക്യാമ്പുകളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഗർഭിണിയും ഒരുവയസ്സുകാരനായ മകനും. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ കഴിഞ്ഞ ദിവസം ഗാസയിലേക്ക് നടത്തിയ വ്യാപക ബോംബാക്രമണത്തിലാണ് മുവാസിയിൽ ടെന്റ് കെട്ടി താമസിച്ചിരുന്ന ഇരുപതുകാരിയായ അഫ്‌നാൻ അൽ ഗാനമും മകൻ മുഹമ്മദും കൊല്ലപ്പെട്ടത്. അഫ്‌നാൻ ഏഴുമാസം ഗർഭിണിയായിരുന്നു.
തിരിച്ചടിച്ച് ഹമാസ്
വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ കടന്നാക്രമണം തീവ്രമാക്കിയതോടെ തിരിച്ചടിച്ച് ഹമാസ്. വ്യാഴാഴ്ച ടെൽ അവീവിലേക്ക് മൂന്ന് റോക്കറ്റ് അയച്ചതായി ഹമാസിന്റെ സായുധവിഭാഗം അൽ ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ടെൽ അവീവിലെ റിഷോൺ ലെസിയോൺ ലക്ഷ്യമാക്കിയണ് റോക്കറ്റുകൾ അയച്ചത്. തെക്കൻ ഗാസയിൽനിന്നാണ് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഞ്ചുമാസത്തിനുശേഷം ആദ്യമായാണ് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്നത്.









0 comments