13 മരണം, 380 പേർക്ക് പരിക്ക്, തുറമുഖ നഗരമായ ഹൈഫയിലും നാശനഷ്‍ടം
തുറന്ന യുദ്ധത്തിലേക്ക് ; ആക്രമണം തുടർന്ന് ഇസ്രയേലും ഇറാനും

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ സഹ്‌റാൻ എണ്ണ സംഭരണ കേന്ദ്രം
ടെൽ അവീവ്/തെഹ്‌റാൻ
ഇസ്രയേൽ ഏകപക്ഷീയമായി ആരംഭിച്ച കടന്നാക്രമണത്തിന് ഇറാൻ കടുത്ത തിരിച്ചടി നൽകിയതോടെ പശ്‌ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇറാനിലെ എണ്ണപ്പാടവും എണ്ണ സംഭരണ കേന്ദ്രവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഇന്റലിജന്റ്സ് മേധാവി ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് കാസ്‍മി, ഉപമേധാവി ജനറൽ ഹസൻ മൊഹാക്കിക്ക് എന്നിവർ കൊല്ലപ്പെട്ടു. വിദേശമന്ത്രാലയത്തിലെ ഒരു കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ഉദ്യോഗസ്ഥരടക്കം നിരവധിപേർക്ക് പരിക്കേറ്റു.
ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 380 പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപേരെ കാണാതായി. ഹൈഫ നഗരത്തിൽ വൻനാശനഷ്ടങ്ങളുണ്ടായി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ കുടുംബവീടിന് സമീപവും ആക്രമണം നടത്തി.
വ്യാഴം രാത്രിയാണ് ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ച് തകർത്തത്. എൺപതോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിന് മുറപടിയായാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് ത്രീ എന്ന പേരിൽ ഇറാൻ തിരിച്ചടിച്ചത്. ഇറാന്റെ മിസൈൽ ആക്രമണത്തിന് മറുപടിയായാണ് തെഹ്‌റാനിലെ നൊബാനിയാദിലെ പ്രതിരോധ മന്ത്രാലയ കെട്ടിടം ഇസ്രയേൽ ആക്രമിച്ചത്. ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നോവേഷൻ ആൻഡ് റിസർച്ച് ആസ്ഥാനം ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങളും സഹ്‌റാൻ എണ്ണ സംഭരണ കേന്ദ്രവും ഇസ്രയേൽ ആക്രമിച്ചു. ഇതിന് തിരിച്ചടിയായാണ് ടെൽ അവീവിലെ നഗരപ്രദേശങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തത്. ടെൽ അവീവ് ബാത് യാമിലെ 10 നില അപ്പാർട്ട്‌മെന്റ് മിസൈൽ ആക്രമണത്തിൽ പൂർണമായി തകർന്നു.
ആക്രമണങ്ങൾക്ക് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും സമീപത്തുള്ള ജനങ്ങൾ സ്ഥലംവിടണമെന്ന മുന്നറിയിപ്പ് ഇസ്രയേൽ സേന നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും കാക്കാൻ അവസാന ശ്വാസംവരെ പോരാടുമെന്ന് ഇറാൻ ആർമി ചീഫ് കമാൻഡർ മേജർ ജനറൽ അമിർ ഹതാമി പ്രതികരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും ഫോണിൽ സംസാരിച്ചു. സംഘർഷം ലഘൂകരിക്കാൻ റഷ്യ പിന്തുണ വാഗ്‌ദാനം ചെയ്‌തു. ഖത്തർ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനി ഇറാൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
ആക്രമിച്ചാൽ തിരിച്ചടിയെന്ന് ട്രംപ്
ഇറാൻ ഏതെങ്കിലും തരത്തിൽ അമേരിക്കയെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തിൽ യുഎസിന് ഒരു പങ്കുമില്ല. എന്നാൽ ഇറാൻ ഏതെങ്കിലും തരത്തിൽ അമേരിക്കയെ ആക്രമിച്ചാൽ യുഎസ് സൈന്യത്തിന്റെ മുഴുവൻ ശക്തിയും കരുത്തും ഉയോഗിച്ച് തിരിച്ചടിക്കും.’– ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.ഇന്ത്യ–-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതുപോലെ ഇസ്രയേൽ–-ഇറാൻ ഏറ്റുമുട്ടലും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനായി വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിന്റെ അംഗീകാരം തനിക്ക് കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം യുഎസ് അറിവോടെ; തെളിവുണ്ടെന്ന് ഇറാൻ
തങ്ങൾക്കെതിരായ ആക്രമണങ്ങളിൽ അമേരിക്കയുടെ പിന്തുണയുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ഇറാൻ. അമേരിക്കയുടെ സമ്മതവും പിന്തുണയുമില്ലാതെ ഇറാനെതിരായ ആക്രമണം യാഥാർഥ്യമാകുമായിരുന്നില്ലെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെ ഇതിനകം വ്യക്തമായും പരസ്യമായും പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ പിന്തുണ ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതിൽ അമേരിക്കയ്‌ക്ക് പങ്കില്ലെന്ന് അവർ പറയുന്നുണ്ടെങ്കിലും തെളിവുകൾ മറിച്ചാണ്. അമേരിക്കൻ സേനയുടെയും അവരുടെ സൈനിക താവളങ്ങളുടെയും പിന്തുണ ഇസ്രയേലിന് ലഭിച്ചു–-അദ്ദേഹം പറഞ്ഞു.
പുടിനും ട്രംപും ചർച്ച നടത്തി
ഇസ്രയേൽ– -ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെലിഫോണിൽ ചർച്ച നടത്തി. ട്രംപിന് 79–-ാം പിറന്നാൾ ആശംസ അറിയിക്കാൻ പുടിനാണ് ട്രംപിനെ വിളിച്ചത്. ട്രംപ് തന്നെയാണ് പുടിൻ ആശംസ അറിയിച്ച വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇസ്രയേൽ–-ഇറാൻ പ്രശ്നവും തങ്ങൾ ചർച്ച ചെയ്‌തെന്ന് ട്രംപ് വ്യക്തമാക്കി.
യുഎസ് ആർമിയുടെ 250–-ാം വാർഷികവും പിറന്നാൾ ദിനവും മുൻനിർത്തി ട്രംപ് ഏഴായിരത്തോളം സൈനികരെ അണിനിരത്തി പരേഡ് നടത്തുന്നതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
മൊസാദ് ഏജന്റുമാർ പിടിയിൽ
ഇസ്രയേൽ ചാര സംഘടനയായ മൊസാദുമായി ബന്ധമുള്ള രണ്ടുപേരെ പിടികൂടിയതായി ഇറാൻ. അൽബോർസ് പ്രവിശ്യയിലെ സാവോജ്‌ബോളാഗിൽനിന്നാണ് പൊലീസ് ഇന്റലിജൻസ് വിഭാഗം ഇവരെ അറസ്‌റ്റ് ചെയ്‌തത്. ബോംബുകളും സ്‌ഫോടകവസ്‌തുക്കളും അടക്കമുള്ളവ നിർമിക്കുന്ന മൊസാദിന്റെ ഭീകര സെല്ലിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് ഇറാൻ അവകാശപ്പെട്ടു.
ഹൈഫ തുറമുഖം സുരക്ഷിതമെന്ന് അദാനി ഗ്രൂപ്പ്
ഇസ്രയേലിലെ ഹൈഫ തുറമുഖം സുരക്ഷിതമാണെന്ന് തുറമുഖത്തിന്റെ ചുമതലയുള്ള അദാനി ഗ്രൂപ്പ് അറിയിച്ചു. ഹൈഫ തുറമുഖത്തിന് സമീപം ഇറാന്റെ മിസൈൽ ആക്രമണം നടന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.മിസൈലിന്റെ ഭാഗങ്ങൾ തുറമുഖത്തിന് സമീപം വീണെങ്കിലും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല.
നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റി
ഇറാൻ പ്രത്യാക്രമണം തുടരുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു. തിങ്കളാഴ്ചയാണ് അവ്‌നെർ നെതന്യാഹുവിന്റെയും അമിത് യാർദേനിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ആദ്യം നവംബറിൽ നടത്താനിരുന്ന വിവാഹം സുരക്ഷാകാരണങ്ങളാൽ മാറ്റിവച്ചിരുന്നു.
ടെൽ അവീവിന് വടക്ക് റോനിത് ഫാമിൽ നടക്കേണ്ടിയിരുന്ന വിവാഹത്തിനായി വലിയ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കുംമുമ്പ് വിവാഹാഘോഷം നടത്തുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുപ്പതുകാരിയായ അമിത് യാർദേനി അത്‌ലീറ്റും സൈബർ റിസർച്ചറുമാണ്. സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ മൂന്ന് മക്കളിൽ ഇളയവനാണ് 31കാരനായ അവ്‌നെർ. മുൻ സൈനികനാണ്.
ജാഗ്രത പാലിക്കണം: ഇന്ത്യൻ എംബസി
ഇറാനിലെ ഇന്ത്യക്കാർ പരിഭ്രാന്തരാകരുതെന്ന് തെഹ്റാനിലെ ഇന്ത്യ എംബസി അധികൃതർ അറിയിച്ചു. എംബസി സമൂഹമാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങളും ഇറാൻ അധികൃതരുടെ അറിയിപ്പുകളും പാലിക്കണം. എംബസി എക്സ് അക്കൗണ്ടുവഴി നൽകിയ ഗൂഗിൾ ഫോം എല്ലാവരും പൂരിപ്പിച്ച് സമർപ്പിക്കണം. അടിയന്തര സാഹചര്യങ്ങളിൽ +98 9128109115, +98 9128109109, +98 901044557, +98 9015993320, +91 8086871709, +98 9177699036, +98 9396356649 നമ്പറുകളിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.









0 comments