ജയിച്ചത് ഖത്തറിന്റെ സംയമനം
പശ്ചിമേഷ്യയില്‍ ആശ്വാസം

സംഘർഷ സാധ്യത ലഘൂകരിക്കപ്പെട്ടതോടെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ ഈന്‍ക്വിലാബ് ചത്വരത്തിൽ ജനജീവിതം സാധാരണനിലയിലേക്ക്
അനസ് യാസിൻ
Published on Jun 25, 2025, 03:51 AM | 2 min read
മനാമ
അനിശ്ചിതത്വത്തിനൊടുവിൽ പശ്ചിമേഷ്യ ശാന്തമാകുന്നു. ഇറാൻ-, ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനം പ്രതീക്ഷകളോടെയാണ് ഗൾഫ്, അറബ് രാജ്യങ്ങളും പ്രവാസികളും കാണുന്നത്. ഇസ്രയേലിന്റെ കടന്നാക്രമത്തെ പിന്തുണച്ച് അമേരിക്ക എത്തിയതോടെ രൂപംകൊണ്ട യുദ്ധഭീതിയാണ് ഒഴിയുന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയയേതോടെ മേഖല ആശങ്കയുടെ മുൾമുനയിലായി. ആണവ വികിരണ സാധ്യതയും അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിടുമെന്ന ആശങ്കയുമായിരുന്നു ഗൾഫ് രാജ്യങ്ങളെ അലട്ടിയത്. ഖത്തറിലെ അമേരിക്കൻ എയർ ബേസിനെ ഇറാന്‍ ആക്രമിച്ചതോടെ എങ്ങും ഭീതി പരന്നു. പിന്നാലെ ഖത്തറും ബഹ്‌റൈനും കുവൈത്തും യുഎഇയും വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിച്ചു. നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ താവളം പ്രവർത്തിക്കുന്ന ബഹ്‌റൈൻ തിങ്കളാഴ്ച രാത്രി അതീവ ജാഗ്രതയിലായിരുന്നു. ആക്രമണം ഇവിടേക്കും ഉണ്ടായേക്കാമെന്ന ആശങ്ക വ്യാപകമായിരുന്നു. അരമണിക്കൂറോളം പ്രത്യേക മുന്നറിയിപ്പ് അലാറാം സജീവമാക്കിയിരുന്നു.
യുദ്ധം പ്രവാസികളെയും കുടുംബങ്ങളെയും കടുത്ത ആശങ്കയിലാക്കിയിരുന്നു. കുവൈത്ത് അധിനിവേശത്തിന്റെയും ഗൾഫ് യുദ്ധത്തിന്റെയും കാലത്ത് നേരിട്ട അതേ വെല്ലുവിളിയാണ് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളും സ്വദേശികളും വിപുലമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചിരുന്നു. പ്രധാനമായും ആഹാര സാധനങ്ങളും കുടിവെള്ളവും മറ്റുമാണ് ശേഖരിച്ചത്.
ആറ് ഗൾഫ് രാജ്യങ്ങളിലായി 90 ലക്ഷത്തിലേറെ ഇന്ത്യക്കാർ കഴിയുന്നുണ്ട്. ഇതിൽ 40 ലക്ഷത്തോളം ഇന്ത്യക്കാർ യുഎഇയിലാണ്. സൗദിയിൽ 24.6 ലക്ഷമാണ് ഇന്ത്യക്കാർ. കുവൈത്തിൽ ഏകദേശം പത്ത് ലക്ഷത്തോളവും ഖത്തറിൽ 8,36,784 പേരും ഒമാനിൽ 6,86,635 പേരും, ബഹ്‌റൈനിൽ 3,50,000 ഇന്ത്യന്‍ പ്രവാസികളും ഉണ്ട്.
വിമാന സര്‍വീസുകള്‍ പൂര്‍വ സ്ഥിതിയിലേക്ക്
മേഖലയിലെ വിമാന സർവീസുകളെയും ഇവിടേക്കുള്ള വിമാന സർവീസുകളെയും യുദ്ധാന്തരീക്ഷം സാരമായി ബാധിച്ചു. എയർ ഇന്ത്യ എക്‌പ്രസ് ചൊവ്വാഴ്ച ബഹ്‌റൈൻ- കോഴിക്കോട്. ബഹ്‌റൈൻ- ഡൽഹി സെക്ടറുകളിലെയും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. വ്യോമാതിർത്തികൾ ക്രമേണ വീണ്ടും തുറക്കുന്നതിനാൽ, എയർ ഇന്ത്യ ചൊവ്വ മുതൽ മേഖലയിലേക്കുള്ള വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നു. ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ പുനഃസ്ഥാപിച്ചതായി എയർലൈൻ ചൊവ്വാഴ്ച അറിയിച്ചു.
ജയിച്ചത് ഖത്തറിന്റെ സംയമനം
ഇസ്രയേലും ഇറാനും തമ്മില്‍ താൽക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ ധാരണ സാധ്യമാക്കിയത് ഖത്തറിന്റെ വിവേകപൂര്‍വമായ ഇടപെടൽ. ഖത്തറിലെ അൽ ഉദൈദിലെ യുഎസ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈല്‍ വര്‍ഷിച്ചതിന് പിന്നാലെ, തിരിച്ചടിക്ക് മുതിരാതെ നയതന്ത്രപാത തുറക്കാനാണ് ഖത്തര്‍ ശ്രമിച്ചത്. അൽ ഉദൈദ് ആക്രമിക്കുമെന്ന് ഇറാന്‍ ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറുമായുള്ള ആഴത്തിലുള്ള സഹോദര ബന്ധത്തിൽ ഉറച്ചുനില്‍ക്കുമെന്നും ആക്രമണം ഖത്തർ എന്ന രാഷ്‌ട്രത്തിനെതിരെയല്ലെന്ന് ഇറാന്‍ പിന്നാലെ വ്യക്താക്കിയിരുന്നു.
അൽ ഉദൈദിനെതിരായ ഇറാന്റെ ആക്രമണത്തോട് പ്രതികരിക്കാന്‍ ഖത്തർ മുതിര്‍ന്നെങ്കിലും "യുക്തിയോടെയും വിവേകത്തോടെയും' പ്രവർത്തിക്കാനാണ് ഒടുവില്‍ തീരുമാനിച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു."ഖത്തർ അവരുടെ മാതൃരാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ പ്രാപ്തമാണെന്ന് തെളിയിച്ചു' –-അദ്ദേഹം പറഞ്ഞു.വെടിനിര്‍ത്തല്‍ സാധ്യമാക്കിയതില്‍ ഖത്തര്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ട്രംപും പ്രതികരിച്ചു.
പശ്ചിമേഷ്യന്‍ തീരത്തേക്ക് യുഎസ്സിന്റെ മൂന്നാം വിമാനവാഹിനി
അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്‌എസ് ജെറാൾഡ് ആർ ഫോർഡ് ഇസ്രയേലിന് കാവല്‍ നില്‍ക്കാന്‍ എത്തുന്നു. വെർജീനിയയിൽനിന്ന് കപ്പൽ ചൊവ്വാഴ്ച പുറപ്പെട്ടു. മധ്യധരണ്യാഴിയിൽ ഇസ്രയേലിന് സമീപമായി നിലയുറപ്പിക്കും. മുൻ നിശ്ചയിച്ചപ്രകാരമാണ് വിന്യാസമെന്നാണ് അമേരിക്കയുടെ വിശദീകരണം. പശ്ചിമേഷ്യൻ തീരത്ത് വിന്യസിക്കുന്ന അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലാണ് ഇത്.
ഗാസയിലേക്കുള്ള ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകൾ അയക്കുന്നുണ്ട്.
വെർജീനിയയിലെ നേർഫോക് നാവികതാവളത്തിൽനിന്ന് പുറപ്പെടുന്ന യുഎസ്‌എസ് ജെറാൾഡിലും അനുബന്ധ കപ്പലുകളിലുമായി 4500 പട്ടാളക്കാരുണ്ട്. നിരവധി പോർവിമാനങ്ങളും മിസൈൽവേധ സംവിധാനങ്ങളും കപ്പലിലുണ്ട്.









0 comments