സമാധാനക്കരാറും വെടിനിർത്തലും കാറ്റിൽപറത്തി; ഗാസയിൽ വീണ്ടും കൂട്ടക്കുരുതി, 104 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ ഗാസയിൽ വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലും മറ്റ് ആക്രമണങ്ങളിലും 104 പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 35 കുട്ടികൾ ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് പ്രതികാരമായി നടത്തിയ ആക്രമണത്തിൽ തകർന്നടിഞ്ഞ് ഗാസയിലെ സമാധാനജീവിതത്തിന്റെ പ്രതീക്ഷകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവ് പ്രകാരമാണ് ശക്തമായ ആക്രമണങ്ങൾ നടന്നത്.
വെടിനിർത്തൽ കരാർ ഇസ്രായേൽ പാലിക്കാൻ തുടങ്ങിയെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും, ആക്രമണം മേഖലയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. നുസെറാത്ത് അഭയാർത്ഥി ക്യാമ്പിൽ അഭയം തേടിയിരുന്ന ഒരു മാധ്യമപ്രവർത്തകനും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രയേൽ 'തിരിച്ചടിച്ചു' എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇസ്രയേൽ 2023 ഒക്ടോബർ മുതൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയിലും അധിനിവേശത്തിലും ഇതുവരെ 68,643 പേർ കൊല്ലപ്പെടുകയും 170,655 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വർഷത്തെ നീണ്ട കൂട്ടക്കുരുതിക്ക് ശേഷമാണ് സമാധാനകരാരും വെടിനിർത്തലും നിലവിൽ വന്നത്. എന്നാൽ ഇതും ലംഖിച്ച സാഹചര്യത്തിൽ ഗാസയിലെ അവശേഷിക്കുന്ന മനുഷ്യരുടെ ജീവനും കൂടെ ഭീഷണിയാണ്.









0 comments