ഗാസയില്‍ ഇസ്രയേല്‍ മനുഷ്യക്കുരുതി: ആശുപത്രിക്കും ബോംബിട്ടു

ഗാസ സിറ്റി: ഗാസയിലെമ്പാടും വ്യാപക ആക്രമണം നടത്തുന്ന ഇസ്രയേൽ, മുനമ്പിലെ ഏറ്റവും വലിയ ആശുപത്രി തകർത്തു. ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രിയിലേക്ക് ഞായർ രാത്രി വൈകിയായിരുന്നു വ്യോമാക്രമണം. ആശുപത്രിയുടെ രണ്ടാംനില പൂർണമായും തകർന്നു. ചികിത്സയിലുണ്ടായിരുന്ന ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്മായിൽ ബാർഹം ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ടുദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ പതിനാറുകാരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആശുപത്രിയിലേക്ക് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
വെടിനിർത്തൽ ധാരണ ലംഘിച്ച് ചൊവ്വാഴ്ച പുനരാരംഭിച്ച ആക്രമണത്തിൽ നിരവധി ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. പതിനേഴ് മാസം നീണ്ട കടന്നാക്രമണത്തിൽ ഏറ്റവും രക്തരൂഷിതമായ ദിനങ്ങളാണിത്. തിങ്കളാഴ്ച മാത്രം ഇസ്രയേൽ ബോംബാക്രമണങ്ങളിൽ മുനമ്പിൽ പലയിടത്തായി 61 പേർ കൊല്ലപ്പെട്ടു. രണ്ട് മാധ്യമപ്രവർത്തകരടക്കമാണിത്.
റാഫയിൽ കടന്നാക്രമണം വ്യാപകമാക്കിയ സൈന്യം തെക്കേയറ്റത്തെ ടെൽ അൽ സുൽത്താൻ പ്രദേശത്തുനിന്ന് ആളുകളെ നിർബന്ധമായി കുടിയൊഴിപ്പിക്കുകയാണ്. ജനങ്ങൾ പലായനം ചെയ്യുന്ന പാതകളും ആക്രമിക്കുന്നു. റഫയിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ റെഡ് ക്രോസ് ഓഫീസും തകർന്നു. പത്ത് ജീവനക്കാരില്‍ മിക്കവർക്കും പരിക്കേറ്റു. ആംബുലൻസുകൾക്കുനേരെയും ആക്രമണമുണ്ടായി. ഗാസ സിറ്റിയിൽ ടെന്റ് ക്യാമ്പുകളിലേക്കും ആക്രമണം നടത്തി.
പുതിയ നിർദേശവുമായി ഈജിപ്ത്
ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ നിർദേശവുമായി ഈജിപ്ത്. അമേരിക്കൻ വംശജനായ ഇസ്രയേൽ പൗരൻ ഉൾപ്പെടെ അഞ്ച് ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നാണ് നിർദേശം. പകരം മുനമ്പിലേക്ക് അവശ്യവസ്തുക്കൾ കടത്തിവിടാനും ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാനും ഇസ്രയേൽ സന്നദ്ധമാകണം.
നൂറിൽപ്പരം പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഹമാസ് അനുകൂലമായി പ്രതികരിച്ചെന്നാണ് വിവരം.









0 comments