ഗാസയ്ക്ക് കുറുകേ സുരക്ഷാ ഇടനാഴി സ്ഥാപിക്കുമെന്ന് ഇസ്രയേൽ
"കൊന്നൊടുക്കി ശുദ്ധീകരണം' ; ഗാസയില്‍ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍

ജറുസലേം / ഗാസ സിറ്റി : ഗാസയിൽ കരയാക്രമണം വ്യാപിപ്പിച്ചും വ്യോമാക്രമണം ശക്തമാക്കിയും ഇസ്രയേൽ. ഗാസയിൽ പുതിയ സുരക്ഷാ ഇടനാഴി സ്ഥാപിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു. "തകർത്ത് ശുദ്ധീകരിക്കുക’ എന്ന ആത്യന്തിക ലക്ഷ്യത്തോടെ മുനമ്പിലെ സൈനിക നടപടികൾ വിപുലീകരീകരിച്ചതായി ഇസ്രായേലി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. "ഇസ്രയേലി സുരക്ഷാ മേഖലയിലേക്ക്’ കൂട്ടിച്ചേർക്കുന്നതിനായി വിശാലമായ പ്രദേശം പിടിച്ചെടുക്കുമെന്നും ഭീഷണിമുഴക്കി. ഹമാസിനെ പുറത്താക്കുകയും എല്ലാ ബന്ദികളെയും തിരികെ നൽകുകയുമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമെന്നാണ് കാറ്റ്സിന്റെ നിലപാട്.
തെക്കൻ ഗാസയിലെ ആക്രമണം വിപുലീകരിക്കുന്നതിന് അധിക യൂണിറ്റിനെ ഇസ്രയേലി സൈന്യം വിന്യസിച്ചതായി വാർത്താഏജൻസികൾ റിപ്പോർട്ട്‌ചെയ്‌തു. തെക്കൻ നഗരമായ റഫയിലെയും സമീപ പട്ടണങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേലി സൈന്യം ആവശ്യപ്പെട്ടിരുന്നു. റഫയിൽ ഹമാസിനെതിരെ ഇസ്രായേൽ കരസേന ആരംഭിച്ച നീക്കം അയൽപട്ടണങ്ങിലേക്കും വ്യാപിപ്പിച്ചു.
ഗാസയിലെ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നിലവിലുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഹംഗറി സന്ദർശിക്കുകയാണ്. ഹംഗറി അംഗമായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ നെതന്യാഹുവിന് ആതിഥ്യമരുളുന്നത്.

യുഎന്‍ ക്ലിനിക്കിലും ബോംബിട്ടു
ജബലിയ അഭയാർഥി ക്യാമ്പിലെ യുഎൻ മെഡിക്കൽ സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. ആക്രമണം ആരംഭിച്ചതിനുശേഷം ഇസ്രായേൽ 228 അഭയകേന്ദ്രങ്ങളിലാണ് ബോംബിട്ടത്. സംഘർഷങ്ങളിൽ സാധാരണക്കാരെ സംരക്ഷിക്കുന്ന എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് ഗാസ സർക്കാരിന്റെ മീഡിയ ഓഫീസ് പ്രതികരിച്ചു.
ബുധനാഴ്‌ച പുലർച്ചെ മുതൽ ഗാസയിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ബോംബാക്രമണത്തില്‍ 68 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഏകപക്ഷീയമായ കടന്നാക്രണം തുടങ്ങിയതിനുശേഷം കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 1,100- കവിഞ്ഞു.
ഗാസയുടെ വയറെരിയുന്നു
അവശ്യവസ്തുക്കൾക്കും മരുന്നിനും ഉൾപ്പെടെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം 31–-ാം ദിവസം പിന്നിടുമ്പോൾ ഗാസ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. മുനമ്പിൽ ലോക ഭക്ഷ്യപദ്ധതിയുടേത് ഉൾപ്പെടെ എല്ലാ ബേക്കറികളും അടച്ചു. ആക്രമണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും നീണ്ട ഉപരോധമാണിത്.
കൊല്ലപ്പെട്ടത് 232 മാധ്യമപ്രവർത്തകർ
ഗാസയിലെ ഇസ്രായേലി ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 മാധ്യമപ്രവർത്തകർ. ആഴ്ചയിൽ ശരാശരി 13 പേർ വീതം കൊല്ലപ്പെടുന്നതായി വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിന്റെ ‘കോസ്റ്റ്സ് ഓഫ് വാർ’ പ്രോജക്ടിന്റെ റിപ്പോർട്ട് പറയുന്നു. ലോകത്ത് -മാധ്യമപ്രവർത്തകർക്ക് ഇതുവരെയുള്ള ഏറ്റവും മാരകമായ സംഘർഷമാണ് ഗാസയിലേത്. ലോകയുദ്ധങ്ങൾ, വിയറ്റ്നാം യുദ്ധം, യൂഗോസ്ലാവിയയിലെ യുദ്ധങ്ങൾ, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം എന്നിവയിലെല്ലാം കൊല്ലപ്പെട്ടതിനേക്കാൾ കൂടുതലാണിത്.









0 comments