പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ദോഹ അൽ ഉദൈദ് വ്യോമതാവളത്തിലേക്കായിരുന്നു ആക്രമണം
യുഎസ് ബേസിലേക്ക് ഇറാൻ മിസെെലുകൾ ; ആക്രമണം ഖത്തറിലും ഇറാഖിലേക്കും

അനസ് യാസിൻ
Published on Jun 24, 2025, 01:12 AM | 2 min read
മനാമ
ഇസ്രയേലിനൊപ്പം അമേരിക്കയും ആക്രമിച്ചതോടെ ഖത്തറിലെ യുഎസ് വ്യോമതാവളങ്ങൾക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഖത്തർ പ്രാദേശിക സമയം തിങ്കൾ വൈകിട്ട് 7.30ഓടെയാണ് ദോഹയ്‌ക്കടുത്ത് അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം. 10 മിസൈൽ തൊടുത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്‌തു. വൻ സ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
മിസൈലുകൾ അന്തരീക്ഷത്തിൽവച്ച് തടയുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചു. ഖത്തറിലെ യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ബഷാറത്ത് ഫത്ത എന്ന് പേരിട്ട ദൗത്യം ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പ്രസ്‌താവനയിൽ അറിയിച്ചു. ഇറാഖിലെ അമേരിക്കൻ വ്യോമതാവളങ്ങളെയും ഇറാൻ ലക്ഷ്യമിട്ടതായി യുകെയിലെ സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഖത്തർ വ്യോമാതിർത്തി അടച്ചുപൂട്ടിയതിനു പിന്നാലെയാണ് ഇറാൻ മിസൈൽ ആക്രമണം. ബഹ്‌റൈനും യുഎഇയും വ്യോമാതിർത്തി അടച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്ത്യയുടെയും എംബസികൾ തങ്ങളുടെ പൗരരോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ആക്രമണത്തെ ഖത്തർ അപലപിച്ചു. മലയാളികൾ ഉൾപ്പെടെ ഏഴ് ലക്ഷം ഇന്ത്യക്കാർ ഖത്തറിലുണ്ട്. ആക്രമണം കേരളത്തെയും ആശങ്കയിലാക്കി.

ഞായർ പുലർച്ചെ ഇറാനിൽ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് തിരിച്ചടിയായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഖത്തറിലെ ദോഹയ്‌ക്കടുത്തുള്ള അൽ ഉദൈദ് എയർ ബേസ് പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ്. ബഹ്‌റൈനിലെ ജുഫൈറിൽ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും പ്രവർത്തിക്കുന്നുണ്ട്. പശ്ചിമേഷ്യയിലാകെ അമേരിക്കയ്‌ക്ക് 19 സൈനിക കേന്ദ്രമുണ്ട്. ഇതിൽ ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
അതേസമയം, പശ്ചിമേഷ്യയിൽ അസ്ഥിരത പടർത്താൻ അമേരിക്കൻ പിന്തുണയിൽ തുടർച്ചയായ പതിനൊന്നാം ദിവസവും ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തി. പൂർണമായി തകർത്തുവെന്ന് അമേരിക്ക അവകാശപ്പെട്ട ഇറാനിലെ ഫോർദൊ ആണവനിലയം ഇസ്രയേൽ വീണ്ടും ആക്രമിച്ചു. ആക്രമണവിവരം ഇറാൻ സ്ഥിരീകരിച്ചു.
തെഹ്‌റാനിലെ എവിൻ ജയിലും ഇറാനിയൻ ഔദ്യോഗിക ചാനലിന്റെ പ്രക്ഷേപണ നിലയം ഓഫീസും ആക്രമിച്ചു. ആറു വിമാനത്താവളങ്ങൾ ഇസ്രയേൽ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇരുപതോളം ബാലിസ്‌റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു പ്രത്യാക്രമണം. ടെൽ അവീവിലും ഹൈഫയിലും നിരവധി കെട്ടിടം തകർന്നു. ഊർജനിലയങ്ങൾ ആക്രമിക്കപ്പെട്ടതോടെ പലയിടത്തും വൈദ്യുതി നിലച്ചു. ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പൽ വഴിതിരിച്ചുവിട്ടു.









0 comments