യൂറോപ്യൻ രാജ്യങ്ങളുമായി ഇറാന്റെ ആണവചർച്ച അടുത്തയാഴ്‌ച

തെഹ്‌റാൻ : ആണവപദ്ധതിയെക്കുറിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി ഇറാൻ അടുത്തയാഴ്‌ച ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ഇറാനെതിരെ അന്താരാഷ്‌ട്ര ഉപരോധം ശക്തമാക്കുന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.
ചർച്ചകൾക്ക് ധാരണയായെന്നും സമയവും സ്ഥലവും സംബന്ധിച്ച കൂടിയാലോചന തുടരുകയാണെന്നും ഇറാൻ വാർത്താഏജൻസി തസ്‌നിം റിപ്പോർട്ട്ചെയ്‌തു.
കഴിഞ്ഞമാസം ഇസ്രയേലും അമേരിക്കയും ആണവകേന്ദ്രങ്ങൾ ആക്രമിച്ചശേഷം ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഇയു രാജ്യങ്ങളുടെ വിദേശമന്ത്രിമാരും യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവിയും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഖ്‌ചിയുമായി ഫോൺസംഭാഷണം നടത്തിയതിനെ തുടർന്നാണ് ചർച്ചകൾക്ക് വീണ്ടും വഴിതുറന്നത്.
തികച്ചും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ഇറാൻ പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. അമേരിക്കയും ഇറാനും ഒമാന്റെ മധ്യസ്ഥതയിൽ അഞ്ചുവട്ടം ചർച്ച നടത്തി കരാറിലേക്കുള്ള നടപടികൾക്ക് ധാരണയായിരുന്നു.
നിർണായകമായ ആറാംവട്ട ചർച്ചകൾക്ക് മണിക്കൂറുകൾക്കു മുമ്പാണ് ഇറാനെ ഇസ്രയേൽ ആക്രമിച്ചത്. ഇതോടെ ചർച്ച വഴിമുട്ടി. തുടർന്ന് അമേരിക്കയും ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചതോടെ ഇനി ചർച്ചക്കില്ലെന്ന നിലപാടിലേക്ക് ഇറാൻ എത്തുകയായിരുന്നു.









0 comments