കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് അന്താരാഷ്ട്ര അമ്പയർ ബിസ്മില്ല ജാൻ ഷിൻവാരി അന്തരിച്ചു

ഐസിസി ഇന്റർനാഷണൽ പാനൽ ഓഫ് അമ്പയർ ബിസ്മില്ല ജാൻ ഷിൻവാരി അന്തരിച്ചു. വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് പെഷവാറിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വൈകുന്നേരം 5 മണിക്ക് അദ്ദേഹം മരിച്ചു എന്ന് ബിസ്മില്ല ജാൻ ഷിൻവാരിയുടെ സഹോദരൻ സെയ്ദ ജാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. 41 വയസായിരുന്നു.
ഷിൻവാരി 25 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും കളി നിയന്ത്രിച്ചു. 2017 ഡിസംബറിൽ ഷാർജയിൽ അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള ഏകദിന മത്സരത്തിന് മേൽനോട്ടം വഹിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (എസിബി) കണക്കനുസരിച്ച്, ഷിൻവാരി 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, 51 ലിസ്റ്റ് എ മത്സരങ്ങളിലും, 96 ആഭ്യന്തര ടി20 മത്സരങ്ങളിലും അമ്പയറായിരുന്നു.
ഷിൻവാരി അന്താരാഷ്ട്ര അമ്പയർ എന്ന നിലയിൽ അവസാനമായി കളിക്കളത്തിൽ എത്തിയത് ഫെബ്രുവരിയിൽ ഒമാനിലെ അൽ അമരാത്തിൽ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങൾ നിയന്ത്രിച്ചപ്പോഴാണ്.
ബിസ്മില്ലയുടെ മരണത്തിൽ ഐസിസി ചെയർമാൻ ജയ് ഷാ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച അഫ്ഘാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ അച്ചിൻ ജില്ലയിലാണ് ഷിൻവാരിയുടെ സംസ്കാരം നടന്നത്.









0 comments