ചെലവ് ചുരുക്കൽ: തെരഞ്ഞെടുപ്പുകളിലൊന്ന് ഒഴിവാക്കണമെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ്

photo credit: facebook
ജക്കാർത്ത > ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് തെരഞ്ഞെടുപ്പുകളിലൊന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ.
ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമാണ് ഇൻഡോനേഷ്യ. നിലവിൽ രണ്ടു തെരഞ്ഞെടുപ്പാണ് ഇൻഡോനേഷ്യയിലുള്ളത്. ഒരു തെരഞ്ഞെടുപ്പ് പ്രസിഡന്റിനെയും ദേശീയ, പ്രാദേശിക നിയമനിർമാണ സഭകളിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കാനും മറ്റൊന്ന് മേയർമാരെയും ഗവർണർമാരെയും റീജന്റുമാരെയും തിരഞ്ഞെടുക്കാനുള്ളതുമാണ്. ഇതിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് പ്രബോവോ ഒഴിവാക്കാൻ നിർദേശിച്ചത്. പകരം പ്രാദേശിക നിയമസഭകൾ മേയർമാരെയും ഗവർണർമാരെയും തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന പണം സ്കൂളുകളുടെ നവീകരണത്തിനും ഭക്ഷണത്തിനും ചെലവഴിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഇൻഡോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റാണ് പ്രബോവോ സുബിയാന്തോ. 58% വോട്ടുകൾ നേടി പ്രബോവോ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രത്യേക സേന കമാൻഡറായ പ്രബോവോ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച് അമേരിക്ക സുബിയാന്തോക്കെതിരെ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
എന്നാൽ പ്രബോവോയുടെ നിർദ്ദേശം ഇൻഡോനേഷ്യൻ ഭരണാധികാരിയായിരുന്ന സുഹാർട്ടോയുടെ
ന്യൂ ഓർഡർ കാലഘട്ടത്തെ ഓർമിപ്പിക്കുന്നുവെന്നാണ് രാഷ്‌ട്രീയ നീരീക്ഷകർ പറയുന്നത്. ഇത് ഇൻഡോനേഷ്യയുടെ ജനാധിപത്യത്തിന് തിരിച്ചടിയായേക്കാൻ സാധ്യതയുണ്ടെനനനൊണ് വിലയിരുത്തൽ.









0 comments