അഗ്നിപർവതം പൊട്ടിത്തെറിച്ചു: ബാലിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

VOLCANO BALI
വെബ് ഡെസ്ക്

Published on Jun 18, 2025, 10:05 AM | 1 min read

ബാലി: ഇന്തോനേഷ്യയിലെ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 കിലോമീറ്റർ ഉയരത്തിൽ ചാരം പടർന്നതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപർവതമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്. 1,584 മീറ്ററാണ് (5,197 അടി) അഗ്നിപർവതത്തിന്റെ ഉയരം.


ഓസ്‌ട്രേലിയൻ നഗരങ്ങളിലേക്കുള്ള ജെറ്റ്‌സ്റ്റാർ, വിർജിൻ ഓസ്‌ട്രേലിയ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ, എയർ ന്യൂസിലാൻഡ്, സിംഗപ്പൂരിലെ ടൈഗർഎയർ, ചൈനയുടെ ജുനിയാവോ എയർലൈൻസ് എന്നിവയും റദ്ദാക്കിയതായി ബാലി അന്താരാഷ്ട്ര വിമാനത്താവളം വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തു.


ബാലിയിലേക്കുള്ളതും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി ജെറ്റ്സ്റ്റാർ സ്ഥിരീകരിച്ചു. ഇന്ന് രാത്രിയോടെ പ്രദേശത്തെ ചാരം നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഉച്ചകഴിഞ്ഞുള്ള ചില വിമാനങ്ങൾ വൈകുമെന്നും കൂട്ടിച്ചേർത്തു.


ഫ്ലോറസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലാബുവാൻ ബാജോയിലേക്ക് പുറപ്പെടേണ്ട നിരവധി ആഭ്യന്തര എയർ ഏഷ്യ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയെങ്കിലും വ്യോമയാന കേന്ദ്രം ഇപ്പോഴും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബാലി വിമാനത്താവള അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ലെവോട്ടോബി ലക്കി-ലാക്കിക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചാരം പടർന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തുള്ള ഗ്രാമത്തിലെ ആളുകളെ ഒഴിപ്പിച്ചിരുന്നു. അ​ഗ്നിപർവതം ഇപ്പോഴും സജീവമാണെന്നും നിരവധി ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടുന്നതായും റിപ്പോർട്ടുണ്ട്.


ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിപർവ്വത ഗർത്തത്തിന്റെ ഏഴ് കിലോമീറ്ററിനുള്ളിലെ താമസക്കാരും വിനോദസഞ്ചാരികളും അനാവശ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്ന് ജിയോളജി ഏജൻസി അറിയിച്ചു.


ഇന്തോനേഷ്യയിൽ ഭൂചലനങ്ങളും അഗ്നിപർവ്വത സേഫോടനങ്ങളും പതിവായി അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ നവംബറിൽ അഗ്നിപർവ്വതം പലതവണ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. ടൂറിസ്റ്റ് ദ്വീപായ ബാലിയിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home