ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് ഗുണ്ടകൾ' വിദേശത്ത് അറസ്റ്റിൽ; ഒരാൾ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളയാൾ

wantedcriminalus
വെബ് ഡെസ്ക്

Published on Nov 09, 2025, 10:42 AM | 1 min read

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഒളിച്ചുതാമസിച്ച് കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന, ഇന്ത്യ തേടുന്ന രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ നടത്തിയ ഓപ്പറേഷനിലാണ് ജോർജിയയിൽ നിന്ന് വെങ്കിടേഷ് ഗാർഗിനെയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഭാനു റാണയെയും പിടികൂടിയത്. ഭാനു റാണയ്ക്ക് കുപ്രസിദ്ധമായ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ട്.


അറസ്റ്റിലായ ഗാർഗിനെയും റാണയെയും ഉടൻ ഇന്ത്യയിലേക്ക് കൈമാറും. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഇരുപതിലധികം പ്രധാന ഗുണ്ടാത്തലവന്മാർ വിദേശത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുകയും നിരവധി കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.


ഹരിയാനയിലെ നാരായൺഗഢ് സ്വദേശിയാണ് വെങ്കിടേഷ് ഗാർഗ്. നിലവിൽ ജോർജിയയിൽ താമസിക്കുന്ന ഇയാൾക്കെതിരെ ഇന്ത്യയിൽ പത്തിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളെ ഇയാൾ റിക്രൂട്ട് ചെയ്തിരുന്നു.


ഗുരുഗ്രാമിൽ ഒരു ബിഎസ്പി നേതാവിൻ്റെ കൊലപാതകത്തിന് ശേഷം ഇയാൾ ജോർജിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു. നിലവിൽ വിദേശത്ത് താമസിക്കുന്ന ഗുണ്ടയായ കപിൽ സാങ്‌വാനുമായി ചേർന്ന്, ഭീഷണിപ്പെടുത്തി പണം തട്ടുന്ന സിൻഡിക്കേറ്റ് ഗാർഗ് നടത്തിയിരുന്നു. ഒക്ടോബറിൽ ഒരു നിർമ്മാതാവിൻ്റെ വീടിനും ഫാം ഹൗസിനും നേരെ നടന്ന വെടിവെപ്പുമായി ബന്ധമുള്ള സാങ്‌വാൻ്റെ നാല് ഷൂട്ടർമാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഭാനു റാണ കുറച്ചുകാലമായി യു എസിൽ താമസിക്കുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്ക് റാണയുടെ ക്രിമിനൽ ശൃംഖല വ്യാപിച്ചുകിടക്കുന്നു. കർണാൽ സ്വദേശിയായ റാണ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഏറെക്കാലമായി സജീവമാണ്.


പഞ്ചാബിലെ ഒരു ഗ്രനേഡ് ആക്രമണത്തിൻ്റെ അന്വേഷണത്തിനിടെയാണ് റാണയുടെ പേര് ഉയർന്നുവന്നത്. ജൂണിൽ, ഹാൻഡ് ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിക്കോപ്പുകൾ എന്നിവ കൈവശം വെച്ചതിന് രണ്ട് പേരെ കർണാൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home