ഇന്ത്യ– യുഎസ്‌ വ്യാപാര കരാർ: ആഗസ്‌ത്‌ ഒന്നിനുമുമ്പ്‌ നടപ്പാക്കുന്നതിൽ അനിശ്ചിതത്വം

India Us Trade Agreement
avatar
സ്വന്തം ലേഖകൻ

Published on Jul 21, 2025, 12:00 AM | 1 min read

ന്യൂഡൽഹി : ആഗസ്‌ത്‌ ഒന്നിന്‌ അമേരിക്കയുടെ പ്രതികാരത്തീരുവ പ്രാബല്യത്തിൽ വരുംമുമ്പ്‌ ഇന്ത്യ–-യുഎസ്‌ ഇടക്കാല വ്യാപാരകരാർ യാഥാർഥ്യമാകുമോയെന്നതിൽ അനിശ്ചിതത്വം. കരാറുമായി ബന്ധപ്പെട്ട അഞ്ചാംവട്ട ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യൻ സംഘം മടങ്ങി. ഓൺലൈനായാണ്‌ അടുത്തഘട്ട ചർച്ചകൾ. ഇന്ത്യയുടെ കാർഷികമേഖല അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്‌ തുറന്നുകൊടുക്കണമെന്ന ശാഠ്യത്തിലാണ്‌ അമേരിക്ക. ജനിതകമാറ്റം വരുത്തിയ സോയ, ചോളം തുടങ്ങിയവയക്ക്‌ ഇന്ത്യൻ വിപണി പിടിച്ചടക്കാൻ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. അമേരിക്കൻ ക്ഷീരോൽപ്പന്നങ്ങൾക്കും ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നതാണ്‌ മറ്റൊരാവശ്യം.

‘നോൺ–-വെജ്‌ മിൽക്ക്‌’ പോലുള്ള ഉൽപ്പന്നങ്ങൾ അംഗീകരിക്കാൻ മതപരവും സാംസ്‌കാരികവുമായ തടസ്സങ്ങളുണ്ടെന്ന്‌ കേന്ദ്രം വാദിക്കുന്നു. സസ്യേതര ഭക്ഷണം കഴിക്കുന്ന കന്നുകാലികളുടെ പാലും ഉപോൽപ്പന്നങ്ങളും മതവികാരം വ്രണപ്പെടുത്തുമെന്നാണ്‌ നിലപാട്‌. പല സംസ്ഥാനത്തും തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ കർഷകരുടെയും വിശ്വാസികളുടെയും വികാരങ്ങൾ വ്രണപ്പെടുത്തുന്ന തീരുമാനങ്ങൾ തിരിച്ചടിയായേക്കുമെന്ന ഭയവുമുണ്ട്‌. കാർഷിക, ക്ഷീര മേഖലകളെ ഇടക്കാല കരാറിൽനിന്ന്‌ ഒഴിവാക്കി ജനരോഷത്തിൽനിന്ന്‌ രക്ഷപ്പെടാനുള്ള വഴിയാണ്‌ കേന്ദ്രസർക്കാർ തേടുന്നത്‌.


മെയ്‌ മുതൽ ഇന്ത്യയിൽനിന്നുള്ള ഓട്ടോമൊബൈൽ ഇറക്കുമതിക്ക്‌ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയും കേന്ദ്രസർക്കാരിനെ അലോസരപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ 289 കോടി ഡോളറിന്റെ കയറ്റുമതിയെ ബാധിക്കുമെന്നും ഇളവനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാൽ, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉയർന്ന തീരുവ ചുമത്താൻ അധികാരമുണ്ടെന്നാണ്‌ അമേരിക്കയുടെ വാദം. അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ ഇന്ത്യ പൂർണമായും വഴങ്ങിയെന്നും ഇടക്കാല വ്യാപാരകരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഡോണൾഡ്‌ ട്രംപ്‌ നേരത്തേ പലവട്ടം പറഞ്ഞിരുന്നു. രാജ്യതാൽപ്പര്യങ്ങൾ ബലികഴിച്ചുള്ള വ്യാപാരകരാറിനെ പ്രതിരോധിക്കുമെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home